കൊല്ലം: ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ എം. മുകേഷ് എംഎൽഎയ്‌ക്ക് സംരക്ഷണ കവചം ഒരുക്കി സിപിഎം. മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിത കമ്മീഷൻ അദ്ധ്യക്ഷ പി. സതിദേവി പറഞ്ഞു. രണ്ട് വർഷത്തിലധികം കോടതി ശിക്ഷിച്ചാൽ മാത്രം എംഎൽഎ സ്ഥാനം രാജിവെച്ചാൽ മതിയെന്നാണ് കമ്മീഷൻ അദ്ധ്യക്ഷയുടെ വാദം. വിചാരണ നടന്ന് കോടതിയുടെ തീരുമാനം വന്നതിന് ശേഷം അദ്ദേഹത്തിന് തീരുമാനിക്കാമെന്നും സതീദേവി പറഞ്ഞു.
കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്തുവരട്ടെയെന്നും വേവലാതികൾ ഒന്നും വേണ്ടെന്നായിരുന്നു മുതിന്ന വനിത നേതാവ് പി കെ ശ്രീമതിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം മുകേഷിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ തന്നെ രംഗത്ത് വന്നിരുന്നു. പീഡനക്കേസ് പുറത്ത് വന്നതിന് പിന്നാലെ പൊലീസ് അന്വേഷിക്കട്ടെ എന്നിട്ട് നോക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഡിജിറ്റൽ തെളിവുകളുടെ അകമ്പടിയോടെ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിന് ശേഷമുള്ള ഗോവിന്ദന്റെ മലക്കം മറിച്ചിൽ അക്ഷരാർത്ഥത്തിൽ പൊതു സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും കോൺഗ്രസ് എംഎൽഎ എം വിൻസെൻിനെതിരെയും സമാന രീതിയിലുള്ള ആരോപണം ഉയർന്നപ്പോൾ രാജി ആവശ്യപ്പെട്ട് പ്രത്യക്ഷ സമരം നടത്തിയ പാർട്ടിയാണ് സിപിഎം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടിയെന്ന് അവകാശപ്പെടുന്ന സർക്കാരാണ് സ്വന്തം എംഎൽഎയെ നാണംകെട്ട് സംരക്ഷിക്കുന്നതെന്നും ശ്രദ്ധേയമാണ്.















