മലയാള സിനിമയിലെ ഒരു പ്രശസ്ത സംവിധായകൻ തന്റെ സ്ക്രിപ്റ്റ് മോഷ്ടിച്ചെന്ന വെളിപ്പെടുത്തലുമായി സംവിധായകനും നടനുമായ വിജയ് മേനോൻ. താനെഴുതിയ കഥ മറ്റൊരാൾ മോഷ്ടിക്കുകയും അത് പിന്നീട് ഒരു ഹിറ്റ് സിനിമയായി മാറുകയും ചെയ്തെന്ന് വിജയ് മേനോൻ പറഞ്ഞു. സംവിധായകനെയോ സിനിമയെയോ കുറിച്ച് തുറന്നുപറയാൻ വിജയ് മേനോൻ തയാറായില്ല. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.
“എന്റെ ആദ്യത്തെ പടത്തിലെ ടൈറ്റിൽ ‘എല്ലാം വിൽപ്പനയ്‌ക്ക്’ എന്നായിരുന്നു. ഞാൻ അത് എഴുതി കഴിഞ്ഞ് ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ച ഒരു സംവിധായകന്റെ അടുത്തേക്ക് പോയി. ഞാനും എന്റെ സുഹൃത്തും കൂടിയാണ് പോയത്. അദ്ദേഹത്തിനോട് ഞാൻ കഥ പറഞ്ഞു. കഥ കേട്ടപ്പോൾ അയാൾക്ക് നന്നായി ഇഷ്ടപ്പെട്ടു. ഇത് ആരും ചെയ്യുമെന്ന് അദ്ദേഹം എന്നോട് ചോദിച്ചപ്പോൾ അത് താങ്കൾ തന്നെ ചെയ്യണമെന്ന് ഞാൻ പറഞ്ഞു. ഇല്ല എനിക്കിത് പറ്റില്ല. ഭാര്യ സമ്മതിക്കില്ല എന്നായിരുന്നു മറുപടി. ഞാൻ അങ്ങനെ അദ്ദേഹത്തിന്റെ ഭാര്യയെ വിളിച്ച് സംസാരിച്ചു”.
“മൂന്ന് മാസത്തേക്ക് ഇതൊന്ന് മാറ്റിവയ്‌ക്കൂ ഞാൻ തിരുവനന്തപുരത്ത് പോയിട്ട് തിരിച്ചുവരാം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. മൂന്ന് മാസം കൊണ്ട് അതിന്റെ ലൊക്കേഷനെല്ലാം കണ്ടെത്തിയിരുന്നു. മൂന്ന് മാസം കഴിഞ്ഞ് ഒരു ദിവസം അദ്ദേഹം എന്നെ വിളിച്ചു”.
എന്റെ പുതിയ സിനിമയുടെ പ്രിവ്യൂ ഉണ്ട് നീ വരണമെന്ന് എന്നോട് പറഞ്ഞു. ഞാൻ പോയി പ്രിവ്യൂ കണ്ടതും ഞെട്ടിപ്പോയി. ഞാൻ എഴുതികൊടുത്ത എല്ലാ സീനുകളിലും സ്ക്രീനിൽ വന്നു. അന്ന് എല്ലാവരും ഒരുമിച്ച് കൂടിയപ്പോൾ ‘നീ എന്ത് പരിപാടിയാണ് ഈ കാണിച്ചതെന്ന് ‘ഭരതേട്ടൻ അയാളോട് ചോദിച്ചു. ഭരതേട്ടന് എന്റെ കഥ അറിയാമായിരുന്നു. ‘അവൻ വേറെ കഥ എഴുതിക്കോളും’ എന്ന് വളരെ കൂളായാണ് അദ്ദേഹം മറുപടി പറഞ്ഞതെന്നും വിജയ് മേനോൻ പറഞ്ഞു.