പത്തനംതിട്ട: അടൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം നൽകി മർദ്ദിച്ചതായി പരാതി. പ്ലസ് വൺ വിദ്യാർത്ഥിയായ സഹോദരനോടുള്ള വൈരാഗ്യത്തിലാണ് ഒരു സംഘം യുവാക്കൾ കുട്ടിയെ മർദ്ദിച്ചതെന്നാണ് പരാതി. കുട്ടിയുടെ പിതാവാണ് അടൂർ പൊലീസിന് പരാതി നൽകിയത്.
ഒരു സംഘം ആളുകൾ വീട്ടിലെത്തി കുട്ടിയെ കാറിൽ തട്ടിക്കൊണ്ടു പോയെന്നും കുട്ടിയുടെ വായിൽ ബലമായി മദ്യം ഒഴിച്ചുനൽകിയശേഷം ക്രൂരമായി മർദ്ദിക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. അവശനായ വിദ്യാർത്ഥിയെ അയൽപക്കത്തെ വീടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ കുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കുട്ടിയുടെ പ്ലസ് വണ്ണിൽ പഠിക്കുന്ന സഹോദരനും മറ്റ് ചില വിദ്യാർത്ഥികളുമായി സ്കൂൾ കലോത്സവത്തിനിടെ തർക്കമുണ്ടായിരുന്നതായും ഇത് പ്രിൻസിപ്പൽ അടക്കമുള്ളവർ ഇടപെട്ട് പരിഹരിക്കുകയും ചെയ്തിരുന്നുവെന്ന് പിതാവ് പറഞ്ഞു. എന്നാൽ ഇതിന്റെ തുടർച്ചയായാണ് കുട്ടിയുടെ തട്ടിക്കൊണ്ടുപോയതെന്നും പരാതിയിൽ പറയുന്നു. പൊലീസ് കുട്ടിയുടെയും അച്ഛന്റെയും വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.















