കോപ്പൻഹേഗൻ: ഇസ്ലാമിനെ വിമർശിച്ചും ഖുറാൻ കത്തിച്ചും വാർത്തകളിൽ ഇടംപിടിച്ച ഡാനിഷ്-സ്വീഡിഷ് ആക്ടിവിസ്റ്റ് റാസ്മസ് പലുദാൻ വീണ്ടും ഖുറാൻ കത്തിച്ച് പ്രതിഷേധിച്ചു. ഇസ്ലാമിനെതിരെയുള്ള നിലപാട് വ്യക്തമാക്കുന്നതിന് വേണ്ടി മതഗ്രന്ഥം കത്തിക്കാറുള്ള പലുദാൻ (38) ഇത്തവണ മോമികയ്‌ക്ക് വേണ്ടിയായിരുന്നു ഖുറാൻ അഗ്നിക്കിരയാക്കിയത്.
ഇസ്ലാമിനെ വിമർശിച്ചതിന്റെ പേരിൽ ഇസ്ലാമിസ്റ്റുകളുടെ കണ്ണിൽ കരടായ ഇറാഖി ആക്ടിവിസ്റ്റ് സൽവാൻ മോമിക കഴിഞ്ഞ ദിവസം സ്വീഡനിലെ വസതിയിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. മോമികയെ വകവരുത്താൻ തക്കംപാർത്തിരുന്ന ഇസ്ലാമിസ്റ്റുകളാണ് കൊലയ്‌ക്ക് പിന്നിലെന്നാണ് സൂചന. ഇസ്ലാമിലെ അസമത്വത്തിനും അനീതിക്കുമെതിരായ പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ച മോമികയ്‌ക്ക് വേണ്ടിയാണ് തന്റെ പ്രതിഷേധമെന്ന് ഖുറാൻ കത്തിച്ചതിന് ശേഷം റാസ്മസ് പലുദാൻ വ്യക്തമാക്കി.
ജനുവരി 30നായിരുന്നു മോമിക സ്വീഡനിൽ കൊല്ലപ്പെട്ടത്. വാർത്ത സ്ഥിരീകരിച്ചതോടെ ഫെബ്രുവരി ഒന്നിന് ഡെൻമാർക്കിലെ ടർക്കിഷ് എംബസിക്ക് മുൻപിലായിരുന്നു പലുദാന്റെ പ്രതിഷേധം. ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിൽ സ്ഥിതിചെയ്യുന്ന ടർക്കിഷ് എംബസിക്ക് മുൻപിൽ ഒരുകെട്ട് ഖുറാനുകളുമായി പലുദാൻ എത്തി. തുടർന്ന് മതഗ്രന്ഥം കത്തിക്കാൻ തുടങ്ങി. ഇസ്ലാമിനെ വിമർശിച്ചതിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട മോമികയെ ആദരിക്കുന്നുവെന്ന് പലുദാൻ പറഞ്ഞു.
ഇറാഖിൽ നിന്ന് സ്വീഡനിൽ അഭയം തേടിയ ആക്ടിവിസ്റ്റായിരുന്നു സൽവാൻ മോമിക. എക്സ്-മുസ്ലീമായ അദ്ദേഹം ഇസ്ലാമിന്റെ കടുത്ത വിമർശകനായിരുന്നു. അതിന്റെ പേരിൽ നിരവധി വധഭീഷണികളും നേരിട്ടിരുന്നു. ഒടുവിൽ അജ്ഞാതരായ അക്രമികളുടെ തോക്കിന് ഇരയായി മോമിക അന്ത്യശ്വാസം വലിച്ചു. ഇസ്ലാമിന്റെ നിശിത വിമർശകനായ റാസ്മസ് പലുദാനും വധഭീഷണികൾ നേരിടുന്നുണ്ട്. ഇസ്ലാമിനെതിരെ കടുത്ത ഭാഷയിൽ വിമർശിക്കുന്നതിനായി 2017ൽ Stram Kurs എന്ന പേരിൽ ഒരു രാഷ്‌ട്രീയ പാർട്ടിയും പലുദാൻ രൂപീകരിച്ചിരുന്നു.