മുംബൈ: മോഷണശ്രമം തടയുന്നതിനിടെ ആക്രമിക്കപ്പെട്ട ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. സെയ്ഫിന്റെ വരാനിരിക്കുന്ന ‘ജുവൽ തീഫ് ദി ഹീസ്റ്റ് ബിഗിൻസ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് നടൻ വേദിയിലെത്തിയത്. ചിത്രത്തിന്റെ സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ്, നടൻ ജയ്ദീപ് അഹ്ലാവത്, മറ്റ് അണിയറപ്രവർത്തകർ എന്നിവരോടൊപ്പമാണ് സെയ്ഫ് എത്തിയത്.
ആക്രമണത്തെ കുറിച്ചും കേസിന് പിന്നാലെ ഉയർന്ന അഭ്യൂഹങ്ങളെ കുറിച്ചുമുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് സെയ്ഫ് ഒഴിഞ്ഞുമാറി. പിന്നീടും ചോദ്യങ്ങൾ ഉയർന്നെങ്കിലും അതിനൊന്നും പ്രതികരിക്കാൻ സെയ്ഫ് തയാറായിരുന്നില്ല. സിനിമയുടെ ഭാഗമായി പുതിയ മേക്കോവറിലാണ് സെയ്ഫ് എത്തിയത്. കയ്യിൽ ബാന്റേഡ് ചുറ്റിയിട്ടുണ്ട്. ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിന്റെ സന്തോഷവും സെയ്ഫ് പങ്കുവച്ചു.
നിങ്ങളുടെ മുന്നിൽ നിൽക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് സെയ്ഫ് അലി ഖാൻ പറഞ്ഞു. സംവിധായകൻ സിദ്ധാർത്ഥും ഞാനും വളരെ കാലമായി ഈ സിനിമയെ കുറിച്ച് സംസാരിക്കുന്നുണ്ട്. കൊള്ളയെ കുറിച്ചുള്ള ചിത്രം ചെയ്യണമെന്ന് ഞാൻ മുമ്പ് തന്നെ ആഗ്രഹിച്ചിരുന്നുവെന്നും താരം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വജ്രം മോഷ്ടിക്കാൻ നിയോഗിക്കപ്പെട്ട തട്ടിപ്പുകാരന്റെ വേഷത്തിലാണ് സെയ്ഫ് ചിത്രത്തിൽ എത്തുന്നത്. നികിത ദത്തയാണ് നായിക. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.