ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ഹിന്ദുവിദ്യാർത്ഥിയുടെ കയ്യിൽ കെട്ടിയിരുന്ന മതപരമായ ചരട് മുറിച്ചുമാറ്റിയ സ്കൂൾ അദ്ധ്യാപകനെതിരെ പ്രതിഷേധം ശക്തം. അദ്ധ്യാപകന്റെ പ്രവൃത്തി മാതാപിതാക്കൾ ചോദ്യം ചെയ്തു. വിവേകശൂന്യവും നിരുത്തരവാദപരവുമായ നടപടിയാണ് അദ്ധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ദക്ഷിണാഫ്രിക്കയിലെ ഹൈന്ദവസമൂഹം വിമർശിച്ചു.
ക്വാസുലു-നടാൽ പ്രവിശ്യയിലെ ഡ്രാക്കൻസ്ബർഗ് സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ആഴ്ചയാണ് സംഭവം. സ്കൂളിലെ നിയമങ്ങളുടെ പേരിൽ അദ്ധ്യാപകൻ പവിത്രമായ ചരട് മുറിച്ചുമാറ്റിയതായാണ് പരാതി. സാംസ്കാരികമോ മതപരമോ ആയ ചിഹ്നങ്ങൾ ധരിക്കാൻ സ്കൂൾ വിദ്യാർത്ഥികളെ അനുവദിക്കുന്നില്ലെന്ന ന്യായം പറഞ്ഞാണ് അദ്ധ്യാപകന്റെ നടപടി.
ദക്ഷിണാഫ്രിക്കൻ ഹിന്ദു മഹാസഭ (SAHMS) ഈ നടപടിയെ ശക്തമായി വിമർശിക്കുകയും വിദ്യാഭ്യാസ അധികാരികളിൽ നിന്ന് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. “ഒരു ഹിന്ദു പഠിതാവിന്റെ മതപരമായ ഒരു ചരട് മുറിച്ചുമാറ്റിയ അദ്ധ്യാപകന്റെ വിവേകശൂന്യവും നിരുത്തരവാദപരവുമായ നടപടിയെ എസ്എഎച്ച്എംഎസ് ശക്തമായി അപലപിക്കുന്നു,” ഹിന്ദുമഹാസഭ ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
സ്കൂളിൽ നടന്നതായി ആരോപിക്കപ്പെടുന്ന മതപരമായ അസഹിഷ്ണുതയെക്കുറിച്ച് വിവരങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും കൂടുതൽ ഇരയാക്കപ്പെടുമെന്ന് ഭയന്ന് ഇര വിവരങ്ങൾ നൽകാൻ വിസമ്മതിക്കുന്നതിനാൽ ശരിയായ രീതിയിൽ അന്വേഷണം നടത്താൻ കഴിയുന്നില്ലെന്നും സംഘടന വ്യക്തമാക്കി. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഏതൊരു വിവേചനവും നിയമവിരുദ്ധമാണെന്ന് ദക്ഷിണാഫ്രിക്കൻ ഭരണഘടന വ്യക്തമായി പറയുന്നുണ്ട്.