മുംബൈ: മുംബൈ സബർബൻ റെയിൽവേയിൽ പുതിയ രൂപമാതൃകയിലുള്ള ട്രെയിനുകൾ ഉടൻ വരുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമാണ് പുത്തൻ സവിശേഷതകളോടെ ട്രെയിനുകൾ കൊണ്ടുവരുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
നിരവധി സവിശേഷതകൾ നിറഞ്ഞതായിരിക്കും പുത്തൻ രൂപത്തിൽ നിർമിക്കുന്ന ട്രെയിനുകൾ. അത്യാധുനിക സൗകര്യങ്ങളോടെയായിരിക്കും ട്രെയിനുകൾ നിർമിക്കുക. തിരക്ക് കണക്കിലെടുത്താണ് പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. കോച്ചുകൾക്ക് മെച്ചപ്പെട്ട വെന്റിലേഷൻ സംവിധാനം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കൊണ്ടുവരും.
നിലവിലുള്ള 3,000 സർവീസുകൾക്ക് പുറമേ 300 ലോക്കൽ ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കുമെന്നും 300 കിലോമീറ്റർ പുതിയ ട്രാക്കുകൾ നിർമിക്കുമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. സെൻട്രൽ റെയിൽവേയിലും വെസ്റ്റേൺ റെയിൽവേയിലും മുംബൈയ്‌ക്കായി 16,400 കോടി രൂപയുടെ റെയിൽവേ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഈ പദ്ധതികൾ അവസാനഘട്ടത്തിലാണ്.
ലോക്കൽ ട്രെയിനുകൾ തമ്മിലുള്ള സമയക്രമത്തിൽ മാറ്റം കൊണ്ടുവരും. തിരക്ക് കുറയ്‌ക്കുന്നതിനും കൂടുതൽ സർവീസുകൾ നടത്തുന്നതിനും ഇത് സഹായകമാണ്. ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ മഹാരാഷ്ട്ര റെയിൽവേയ്‌ക്കായി 23,778 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.















