ആസിഫ് അലി നായകനാവുന്ന ചിത്രം ആഭ്യന്തര കുറ്റവാളിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആസിഫ് അലിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തിയത്. ആസിഫിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.
വരന്റെ വേഷത്തിൽ കയ്യിലൊരു പൂച്ചെണ്ടുമായി അമ്പരപ്പോടെ നോക്കിയിരിക്കുന്ന ആസിഫിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. കുടുംബപ്രേക്ഷകരെ കയ്യിലെടുക്കാനുള്ള കഥയുമായാണ് ആഭ്യന്തര കുറ്റവാളി എത്തുന്നതെന്നാണ് ഫസ്റ്റ്ലുക്ക് തരുന്ന സൂചന. പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ പിറന്നാളാശംസകളുമായി നിരവധി ആരാധകരും കമന്റ് ബോക്സിലെത്തി.
സേതുനാഥ് പത്മകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയ്നറായാണ് എത്തുന്നത്. ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.















