ഭോപ്പാൽ: ഭിക്ഷാടനം പൂർണമായും നിരോധിക്കുന്നതിന്റെ ഭാഗമായി നടപടികൾ കടുപ്പിച്ച് ഭോപ്പാൽ ജില്ലാ ഭരണകൂടം. പൊതുയിടങ്ങളിൽ ഭിക്ഷാടനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും ഭിക്ഷാടകരെ പുനരധിവസിപ്പിക്കാനും ജില്ലാ കളക്ടർ കൗശലേന്ദ്ര വിക്രം സിംഗ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ജില്ലാ ഭരണകൂടത്തിന്റെ പരിധിയിലുള്ള എല്ലാ പൊതുയിടങ്ങളിലും ഇതിനായി പ്രത്യേകം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ഭിക്ഷ തേടുന്നവർക്ക് പണം നൽകുന്നതും ഭിക്ഷാടകരിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതും നിയമവിരുദ്ധമാണെന്ന് ജില്ലാ കളക്ടർ ഓർമിപ്പിച്ചു. ക്രിമിനൽ പ്രവർത്തനങ്ങളിലും ലഹരിമരുന്ന് ഉപയോഗത്തിലും വ്യാപൃതരാകുന്ന ഭിക്ഷാടകർ നഗരത്തിൽ പലവിധത്തിലുള്ള പ്രയാസങ്ങൾ സൃഷ്ടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ജില്ലാ നേതൃത്വത്തിന്റെ നടപടി. നഗരത്തിലെ മാർക്കറ്റുകൾ, റോട്ടറികൾ, ട്രാഫിക് സിഗ്നലുകൾ, ആരാധനാലയങ്ങളുടെ പരിസരങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കും.
ഒറ്റയ്‌ക്കോ കൂട്ടമായോ, കുടുംബസമേതമോ ഭിക്ഷാടനം നടത്തുന്നവർ സർക്കാർ നിർദേശം ലംഘിക്കുക മാത്രമല്ല, തിരക്കേറിയ റോഡുകൾ ഗതാഗത തടസം ഉൾപ്പടെയാണ് സൃഷ്ടിക്കുന്നത്. മറ്റ് നഗരങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരാണ് ഭൂരിഭാഗം ഭിക്ഷാടകരെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിൽ പിടിയിലാകുന്ന ഭിക്ഷാടകരെ കോളാറിലുള്ള പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റും.
മദ്ധ്യപ്രദേശിലെ ഇൻഡോറിൽ സമാനമായി ഭിക്ഷാടനം പൂർണമായി നിരോധിച്ചിരുന്നു. ജനുവരി ഒന്ന് മുതലാണ് ഇത് നടപ്പിലായത്.















