മീററ്റ്: വിവാഹാഘോഷത്തിനിടെ അരയിൽ തിരുകിയ മദ്യക്കുപ്പി പൊട്ടി ഗുരുതരമായി പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. 22 കാരനായ ഹിമാൻഷു സിംഗാണ് മരിച്ചത്. മീററ്റിലെ സർധാന പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവം പൊലീസിനെ അറിയിക്കാതെ കുടുംബം യുവാവിന്റെ ശവസംസ്‌കാരം നടത്തുകയായിരുന്നുവെന്ന് റൂറൽ എസ്പി രാകേഷ് കുമാർ മിശ്ര പറഞ്ഞു.
വരന്റെ അയൽവാസിയായിരുന്നു ഹിമാൻഷു സിംഗ്. വിവാഹത്തിന് മുന്നോടിയായി ബാച്ച്ലർ പാർട്ടി നടത്താൻ മദ്യം കൊണ്ടുവരാൻ ഹിമാൻഷുവിനോട് സുഹൃത്തുക്കൾ ആവശ്യപ്പെട്ടിരുന്നു. മദ്യകുപ്പിയുമായി വരവേ വീട്ടുകാരെ കണ്ട ഹിമാൻഷു തിടുക്കത്തിൽ ഇത് അരയിൽ ഒളിപ്പിക്കുകയായിരുന്നു. മതി ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് വഴുതി നിലത്തുവീണു. വീഴ്ചയുടെ ആഘാതത്തിൽ കുപ്പി പൊട്ടി. ചില്ലുകഷ്ണങ്ങൾ വയറ്റിൽ തുളഞ്ഞുകയറി ഹിമാൻഷുവിന് ഗുരുതരമായി പരിക്കേറ്റു.
ഗുരുതര രക്തസ്രാവത്തെ തുടർന്ന് യുവാവിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദാരുണ സംഭവം യുവാവിന്റെ കുടുംബത്തെയും ഗ്രാമത്തെയും ദുഃഖത്തിലാഴ്‌ത്തി. ഇതോടെ ഞായറാഴ്ച നടത്താനിരുന്ന വരന്റെ ഘോഷയാത്ര റദ്ദാക്കി വിവാഹം ചടങ്ങുകൾ മാത്രമാക്കി ചുരുക്കി.















