ന്യൂഡൽഹി: ഡൽഹിയിൽ ആരംഭിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുക്കാൻ വോട്ടർമാരോട് ആഹ്വനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും. ഡൽഹിയിലെ കന്നിവോട്ടർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. ഡൽഹിയെ വികസനാതലസ്ഥാനമാക്കാൻ ജനങ്ങൾ വോട്ട് നൽകണമെന്ന് അമിത്ഷാ അഭ്യർത്ഥിച്ചു.
“ഇന്നത്തെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്നു. ജനാധിപത്യത്തിന്റെ ഈ ഉത്സവത്തിൽ പൂർണ ആവേശത്തോടെ പങ്കെടുക്കാനും വിലയേറിയ നിങ്ങളുടെ വോട്ട് രേഖപ്പെടുത്താനും വോട്ടർമാരോട് ഞാൻ അഭ്യർത്ഥിക്കുന്നു,” മോദി എക്‌സിൽ കുറിച്ചു.
“ആദ്യമായി വോട്ട് ചെയ്യുന്ന എല്ലാ യുവ സുഹൃത്തുക്കൾക്കും ഞാൻ എന്റെ പ്രത്യേക ആശംസകൾ നേരുന്നു. ഓർമ്മിക്കുക— ആദ്യം വോട്ട്, പിന്നെ ലഘുഭക്ഷണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജനക്ഷേമത്തിന്റെ ശക്തമായ ട്രാക്ക് റെക്കോർഡും ഡൽഹിയുടെ വികസനത്തിന് വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു സർക്കാരിന് വോട്ട് ചെയ്യണമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷായും അഭ്യർത്ഥിച്ചു. ജനങ്ങളുടെ വോട്ടിന് ഡൽഹിയെ ലോകത്തിലെ ഏറ്റവും വലിയ വികസിത തലസ്ഥാനമാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ജെപി നദ്ദ എന്നിവരും ജനങ്ങളോട് വോട്ടെടുപ്പിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിച്ചു.
ഡൽഹിയിൽ ഇന്ന് രാവിലെ 70 നിയമസഭാ സീറ്റുകളിലേക്കുള്ള പോളിംഗ് ആരംഭിച്ചു. കർശന സുരക്ഷയിൽ വോട്ടർമാർ എട്ടാം നിയമസഭയിലേക്ക് വോട്ട് രേഖപ്പെടുത്താൻ എത്തിത്തുടങ്ങി. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിവരെ തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 70 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 699 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.















