ലക്നൗ: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുർ ഖാർഗെയ്ക്കും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനുമെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ വലിയ ദുരന്തം ഉണ്ടാകണമെന്ന് മല്ലികാർജുർ ഖാർഗെയും അഖിലേഷ് യാദവും ആഗ്രഹിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കുംഭമേളയ്‌ക്കിടെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവത്തെ കുറിച്ച് ലോക്സഭയിൽ ഖാർഗെയും അഖിലേഷ് യാദവും നടത്തിയ പ്രസ്താവനകൾക്കുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ പരാമർശം. ‘കുംഭമേളയിൽ പങ്കെടുത്ത ആയിരക്കണക്കിന് പേർ മരിച്ചു’ എന്നതായിരുന്നു ഖാർഗെയുടെ പരാമർശം. പ്രയാഗ്‌രാജിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ലോകമെമ്പാടുമുള്ള വിശ്വാസികൾ മഹത്തായ കുംഭമേളയ്‌ക്ക് സാക്ഷ്യം വഹിക്കുന്നു. എന്നാൽ സനാതന ധർമത്തെ എതിർക്കുന്ന ചിലർ അതിനെതിരെ ഗൂഢാലോചന നടക്കുകയും വ്യാജപ്രസ്താവനകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു. മഹാകുംഭമേള ആരംഭിച്ചത് മുതൽ മല്ലികാർജുൻ ഖാർഗെയും അഖിലേഷ് യാദവും എന്റെ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. അവരുടെ സനാതനവിരുദ്ധ നിലപാട് വ്യക്തമാക്കുന്നതാണ് ലോക്സഭയിലെ പ്രസ്താവനകൾ. കഴുകന്മാരെ പോലെയുള്ള കാഴ്ചപ്പാടാണ് അവരുടേത്”.
“തെറ്റായ കാര്യങ്ങളാണ് പ്രതിപക്ഷ പാർട്ടികൾ പ്രചരിപ്പിക്കുന്നത്. പാർലമെന്റിൽ നുണകളും തെറ്റിദ്ധരിപ്പിക്കുന്ന പരാമർശങ്ങളുമാണ് അവർ നടത്തിയത്. സനാതനവിരുദ്ധ പ്രസ്താവനകൾ ഏറ്റവും കൂടുതൽ ആർക്കാണ് നടത്താൻ കഴിയുക എന്നതിനെ ചൊല്ലിയുള്ള മത്സരമാണ് രണ്ട് പാർട്ടികൾക്കിടയിലും നടക്കുന്നത്”.
രണ്ട് പ്രതിപക്ഷ പാർട്ടികളും ചില സനാതനവിരുദ്ധ ശക്തികളും ഒരു വലിയ ദുരന്തം പ്രതീക്ഷിച്ചു. എന്നാൽ ആളുകളുടെ ജീവൻ രക്ഷിക്കാനാണ് ഞങ്ങൾ മുൻഗണന നൽകിയത്. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലെത്തി താൻ സന്ദർശിച്ചെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.