വാഷിംഗ്ടൺ: തന്നെ വധിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഇറാൻ നാമാവശേഷമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. തന്നെ വധിക്കുകയാണെങ്കിൽ ഇറാൻ എന്ന രാജ്യം പിന്നെ ഉണ്ടാകില്ലെന്നും അതിനുള്ള എല്ലാ നിർദേശങ്ങളും ഇതിനോടകം തന്നെ തന്റെ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാൻ ആണവായുധം വികസിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനെതിരെ ഉപരോധം തീർക്കാൻ അമേരിക്ക തയാറെടുക്കുന്നെന്നും എന്നാൽ ഈ നയം കടുപ്പിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നെന്നും ട്രംപ് പറഞ്ഞു.
ഇറാനെതിരെ ഉപരോധം തീർക്കാനായി ആണവ മേഖലയിൽ ഉൾപ്പെടെ എല്ലാ വകുപ്പുകളോടും നിർദേശിക്കുന്ന മെമ്മോറാണ്ടത്തിൽ ട്രംപ് ഒപ്പുവച്ചു. ഇറാനെതിരെയുള്ള ഉപരോധം കൂടുതൽ ശക്തമാക്കുമെന്ന് മെമ്മോറാണ്ടത്തിൽ ഒപ്പുവച്ച ശേഷം ട്രംപ് വ്യക്തമാക്കി.
ട്രംപിനെതിരെ ഇറാനിൽ നിന്ന് നിരവധി വധഭീഷണികളാണ് വർഷങ്ങളായി ഉണ്ടായിട്ടുള്ളത്. ജൂലൈയിൽ പെൻസിൽവാനിയയിൽ നടന്ന പ്രചാരണ റാലിക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും ട്രംപിനെതിരെ ഭീഷണി വന്നിരുന്നു. ഇതേ തുടർന്ന് സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ഇത് ഇറാൻ നിഷേധിക്കുകയായിരുന്നു.