ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീയോട് മോശമായി പെരുമാറിയ ആം ആദ്മി പാർട്ടി എംഎൽഎ ദിനേശ് മൊഹാനിയയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. അനുചിതമായ ആംഗ്യങ്ങൾ കാണിച്ചതിനും ഫ്‌ളൈയിങ് കിസ് നൽകിയതിനുമാണ് കേസ്. സംഗം വിഹാറിൽ നിന്നുള്ള ആം ആദ്മി എംഎൽഎയ്‌ക്കെതിരെ ലൈംഗിക പീഡനം, ലൈംഗിക അധിക്ഷേപം എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മൊഹാനിയ തനിക്ക് നേരെ ഫ്‌ളൈയിങ് കിസ് പറത്തിയതായി സ്ത്രീ പരാതിയിൽ ആരോപിച്ചു. ഇത് തെളിയിക്കുന്ന സംഭവത്തിന്റെ വീഡിയോയും ഇവർ പരാതിക്കൊപ്പം നൽകി. ഡൽഹിയിൽ ഇന്ന് വോട്ടെടുപ്പ് നടക്കവെയാണ് എഎപി നേതാവിനെതിരെ പരാതി ഉയർന്നുവന്നിരിക്കുന്നത്. സംഗം വിഹാറിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ മൊഹാനിയ വീണ്ടും തന്റെ മണ്ഡലത്തിൽ നിന്നാണ് മത്സരിച്ചിരിക്കുന്നത്.
ഇതാദ്യമായല്ല മൊഹാനിയ വിവാദങ്ങൾ സൃഷ്ടിക്കുന്നത്. കഴിഞ്ഞ വർഷം, തന്റെ നിയോജകമണ്ഡലത്തിലെ റോഡരികിലെ പഴക്കച്ചവടക്കാരനെ അസഭ്യം പറഞ്ഞതിന് അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. അടഞ്ഞുകിടന്ന അഴുക്കുചാലിന് മുന്നിലാണ് അയാൾ തന്റെ കട നടത്തിയിരുന്നതെന്നും അതിനാൽ പഴക്കച്ചവടക്കാരനോട് മാറിനിൽക്കാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നുമായിരുന്നു മോഹനിയ വിശദീകരിച്ചത്.