കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളായ വിദ്യാർത്ഥികളുടെ തുടർപഠനം തടഞ്ഞ് ഹൈക്കോടതി. യൂണിവേഴ്സിറ്റി പുറത്താക്കിയ 18 വിദ്യാർത്ഥികളെ കോളേജിൽ തിരികെ പ്രവേശിപ്പിക്കാമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
ആന്റി റാഗിങ് കമ്മിറ്റി വിചാരണയ്‌ക്ക് ശേഷം മൂന്ന് വർഷത്തേക്ക് പുറത്താക്കിയ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥികളെ തിരിച്ചെടുക്കാൻ സർവകലാശാലയ്‌ക്ക് സിംഗിൾ ബെഞ്ച് അനുമതി നൽകിയിരുന്നു. സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശപ്രകാരം പ്രതികളായ വിദ്യാർത്ഥികൾക്ക് മണ്ണുത്തി കോളേജിൽ പ്രവേശനം നൽകുകയും ചെയ്തു.ഇതിനെതിരെ സിദ്ധാർത്ഥന്റെ മാതാപിതാക്കൾ ഡിവിഷൻ ബെഞ്ചിനുനൽകിയ അപ്പീലിലാണ് ഉത്തരവ്. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നീതിപൂർവമല്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
2024 ഫെബ്രുവരിയിലായിരുന്നു 20 വയസുള്ള സിദ്ധാർത്ഥനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൂരമായ റാഗിങ്ങിന് പിന്നാലെയായിരുന്നു മരണം. കൊലപാതകമാണോ ആത്മഹത്യയാണോയെന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. സംഭവത്തിൽ എസ്എഫ്ഐ നേതാക്കളും പ്രവർത്തകരുമായ 18 പേരായിരുന്നു പ്രതികൾ.