ജാഫർ ഇടുക്കിയും ദിലീഷ് പോത്തനും കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം അം അഃ കാണാൻ ഒരു നാട് മുഴുവൻ തിയേറ്ററിൽ. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായ ഇടുക്കിയിലെ തൊടുപുഴ മൂലമറ്റത്തുള്ള പ്രദേശവാസികളാണ് സിനിമ കാണാനായി ഒരുമിച്ച് തിയേറ്ററിലെത്തിയത്. കെഎസ്ആർടിസി ബസിലായിരുന്നു യാത്ര.
സിനിമയിൽ ജാഫർ ഇടുക്കിയും ദിലീഷ് പോത്തനും ആദ്യമായി കണ്ടുമുട്ടുന്ന ഒരു സീനുണ്ട്. ചായക്കടയിൽ വച്ചായിരുന്നു ഇവരുടെ സംഭാഷണം. ഈ ചായക്കടയിൽ നിന്നാണ് സംഘം യാത്ര തുടങ്ങിയത്. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രത്തിൽ ആശ്രമം എന്ന നാടും കെഎസ്ആർടിസി ബസുമൊക്കെ ഏറെ പ്രധാനമായിരുന്നു.
അറക്കുളം പഞ്ചായത്തിലുള്ളവരാണ് രണ്ട് കെഎസ്ആർടിസി ബസുകളിലായി തിയേറ്ററിലേക്ക് തിരിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് ബസിലുണ്ടായിരുന്നത്. തിയേറ്ററുകളിൽ പോയി സിനിമ കാണാത്ത പഴയ തലമുറയിലെ ആളുകളും ഈ യാത്രയുടെ ഭാഗമായിരുന്നു.
കഥയും കഥാപാത്രങ്ങളും ഏറെ മനോഹരമായിരുന്നു എന്നാണ് സിനിമ കണ്ടിറങ്ങിയശേഷം
ആശ്രമം നാട്ടുകാർ പ്രതികരിച്ചത്. സ്വന്തം നാടിന്റെ കഥ പറയുന്ന ചിത്രം നാട്ടുകാരോടൊപ്പം ഒരുമിച്ച് കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആശ്രമം നിവാസികൾ. നിറഞ്ഞ കയ്യടിയോടെയാണ് എല്ലാവരും സിനിമയെ ഏറ്റെടുത്തത്.















