പാലക്കാട്: വല്ലപ്പുഴയിൽ ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നുവീണ് കാണികൾക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. ഗാലറിയിൽ ഉൾക്കൊള്ളാവുന്നതിലും അധികം ആളുകളെ പ്രവേശിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരത്തിന്റെ ഫൈനലിനിടെയാണ് അപകടം നടന്നത്.
അപകടത്തിൽ പരിക്കേറ്റ 62 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഗാലറിയിൽ ആളുകൾ തിങ്ങിനിറഞ്ഞ് ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ് സംഘാടകരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരം ഒരു മാസമായി നടന്നുവരികയായിരുന്നു. എന്നാൽ അവസാന മത്സരം നടന്ന ഇന്നലെ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ എത്തിയിരുന്നു. ഇതാണ് അപകടത്തിന് വഴിവച്ചത്. ഗാലറിയിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.