കൊൽക്കത്ത: അതിർത്തിവഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശികളെ തടയുന്നതിനിടെ ബിഎസ്എഫ് സൈനികന് പരിക്ക്. പശ്ചിമബംഗാളിലെ അതിർത്തിപ്രദേശമായ ദിനാജ്പൂർ ജില്ലയിലാണ് സംഭവം. നുഴഞ്ഞുകയറിയ ബംഗ്ലാദേശികളും അതിർത്തി സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ ഒരു ബിഎസ്എഫ് സൈനികന് ഗുരുതരമായി പരിക്കേറ്റു.
വടിവാൾ, കട്ടറുകൾ, വടി എന്നിവ ഉപയോഗിച്ചാണ് സംഘം സൈനികരെ ആക്രമിച്ചത്. നിരവധി പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഏറ്റുമുട്ടലിനിടെ ഒരു സൈനികന്റെ കയ്യിൽ നിന്ന് നുഴഞ്ഞുകയറ്റക്കാർ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചതോടെയാണ് സൈനികന് പരിക്കേറ്റത്. സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഓടിരക്ഷപ്പെട്ട ബംഗ്ലാദേശികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദൃശ്യപരത കുറവായതിനാൽ കണ്ടെത്താൻ കഴിഞ്ഞില്ല. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒരാളെ ബിഎസ്എഫ് പിടികൂടിയിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്‌ക്ക് ശേഷം തുടർ നടപടികൾക്കായി പൊലീസിന് കൈമാറും.















