ആരാധകരെ നേരിട്ടുകണ്ട് സംവദിക്കാനൊരുങ്ങി നടൻ ജൂനിയർ എൻടിആർ. ഇതിനായി പ്രത്യേക സംവാദ പരിപാടി സംഘടിപ്പിക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. കുറച്ചുനാളായി സിനിമാ പ്രമോഷനുകളുടെയും പ്രീ റിലീസ് പരിപാടികളുടെയും തിരക്കിലായിരുന്നു ജൂനിയർ എൻടിആർ. ഇതിനിടെ ആരാധകരെ കാണാനോ സംവദിക്കാനോ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. തുടർന്നാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ ജൂനിയർ എൻടിആർ തീരുമാനിച്ചത്.
ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്‌ക്കും നേരിട്ട് നന്ദി അറിയിക്കുക എന്നതാണ് സംവാദ പരിപാടിയിലൂടെ താരം ലക്ഷ്യമിടുന്നത്. പരിപാടി നടത്തുന്ന സ്ഥലവും തീയതിയും പിന്നീട് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പൊലീസിന്റെ അനുമതി ലഭിച്ചശേഷമായിരിക്കും പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവക്കുന്നത്.
പരിപാടിയിൽ കനത്ത സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരിക്കുമെന്ന് നടൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ആരാധകരുടെ അകമഴിഞ്ഞ സ്നേഹത്തിന് എന്നും കടപ്പെട്ടിരിക്കുന്നു. ആരാധകരുമായി നേരിട്ട് സംവദിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്. പൊലീസിൽ നിന്നും മറ്റ് അധികാരികളിൽ നിന്നും ആവശ്യമായ എല്ലാ അനുമതികളും ലഭിച്ച ശേഷം പരിപാടിയെ കുറിച്ച് വിപുലമായി പ്ലാൻ ചെയ്യും. ക്ഷമയോടെ എല്ലാവരും കാത്തിരിക്കണമെന്നും താരം പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിൽ ‘ദേവര’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് പരിപാടിയിൽ പതിനായിരക്കണക്കിന് ആളുകൾ ഒത്തുകൂടിയിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങളാണ് പരിപാടി റദ്ദാക്കുകയായിരുന്നു.