പത്തനംതിട്ട: ആളുമാറി തല്ലിയ സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി. ബാറിന് മുന്നിൽ സംഘർഷമുണ്ടാക്കിയവരാണെന്ന് കരുതി വിവാഹസംഘത്തെ മർദ്ദിച്ച പൊലീസുകാരെ സസ്പെൻഡ് ചെയ്തു. വിമർശനം ശക്തമായതോടെയാണ് എസ്ഐ ജിനു അടക്കം 2 പൊലീസുകാർക്കെതിരെ നടപടിയെടുത്തത്. റേഞ്ച് ഡിഐജി അജിത ബീഗമാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്.
എസ്ഐയെ സ്ഥലംമാറ്റി വിവാദം തണുപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും മർദ്ദനമേറ്റവർ ഇതിനെതിരെ രംഗത്തുവന്നു. പൊലീസുകാർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും സ്ഥലംമാറ്റം നൽകി വിഷയം ഒതുക്കിതീർക്കാനാണ് ശ്രമിക്കുന്നതെന്നും പരാതിക്കാർ ആരോപിച്ചു. ഇതിന് പിന്നാലെ വിഷയത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ പത്തനംതിട്ട എസ്ഐയോട് ഡിഐജി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്. വകുപ്പുതല നടപടിക്കൊപ്പം പൊലീസുകാർക്കെതിരെ കേസെടുത്തുള്ള അന്വേഷണവുമുണ്ടാകും.