ന്യൂയോർക്ക്: വനിതകളുടെ കായിക ഇനങ്ങളിൽ ട്രാൻസ്ജെൻഡർ അത്ലറ്റുകൾ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തി അമേരിക്ക. ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു. ”സ്ത്രീകളുടെ കായിക വിനോദങ്ങളിൽ നിന്ന് പുരുഷന്മാരെ മാറ്റിനിർത്തുക” എന്ന പേരിലാണ് ഉത്തരവ്. ഈസ്റ്റ് റൂമിൽ ഇരുന്നുകൊണ്ടാണ് ട്രംപ് ഇതിൽ ഒപ്പുവച്ചത്.
വനിതകളുടെ കായികമത്സരങ്ങളുമായി ബന്ധപ്പെട്ട യുദ്ധത്തിന് ഈ എക്സിക്യൂട്ടീവ് ഉത്തരവോടെ പരിസമാപ്തിയായിരിക്കുന്നു എന്നും ട്രംപ് പ്രതികരിച്ചു. ഇന്നുമുതൽ വനിതകളുടെ കായികമത്സരങ്ങൾ വനിതകൾക്ക് വേണ്ടി മാത്രമുള്ളതായിരിക്കും. സ്ത്രീകളെയും പെൺകുട്ടികളെയും ഇടിച്ചുപരിക്കേൽപ്പിക്കാനും ചതിക്കാനും പുരുഷന്മാരെ അനുവദിക്കില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
കായികതാരങ്ങളായ വനിതകളുടെ സാന്നിധ്യത്തിലായിരുന്നു ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചത്. നിരവധി പെൺകുട്ടികളും ചടങ്ങിൽ പങ്കെടുത്തിരുന്നു. വനിതാ കായിക സംഘത്തിൽ ട്രാൻസ്ജെൻഡർ അത്ലറ്റുകളെ ഉൾപ്പെടുത്തി മത്സരിക്കാൻ അനുവദിക്കുന്ന സ്കൂളുകൾക്ക് ഫെഡറൽ ഫണ്ട് നിഷേധിക്കാൻ സർക്കാർ ഏജൻസികൾക്ക് അധികാരം നൽകുന്ന ഉത്തരവ് കൂടിയാണ് അമേരിക്ക പുറപ്പെടുവിച്ചിരിക്കുന്നത്.















