കൊച്ചി: ഷാരോൺ വധക്കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഗ്രീഷ്മയുടെ ഹർജി കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാണ് ഹർജിയിൽ ഗ്രീഷ്മ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ മാസമായിരുന്നു ഷാരോൺ വധക്കേസിൽ ശിക്ഷാവിധിയുണ്ടായത്. പരമാവധി ശിക്ഷയായ വധശിക്ഷ ഗ്രീഷ്മക്കെതിരെ വിധിച്ചിരുന്നു. അമിതശിക്ഷയാണ് വിധിച്ചിരിക്കുന്നതെന്നും അപ്പീൽ പോകുമെന്നുമായിരുന്നു കുറ്റവാളി ഗ്രീഷ്മയുടെ അഭിഭാഷകർ അറിയിച്ചിരുന്നത്. അപ്പീലിനെ കോടതിയിൽ സർക്കാർ എതിർക്കാനാണ് സാധ്യത.
കാമുകന് കഷായത്തിൽ വിഷം ചേർത്ത് കുടിപ്പിച്ച് കൊന്ന കേസിലാണ് ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. മറ്റൊരു വിവാഹം കഴിക്കാൻ ആഗ്രഹിച്ച ഗ്രീഷ്മയുടെ മുൻപിൽ കാമുകനായ ഷാരോൺ തടസമാകുമെന്ന് കണ്ടായിരുന്നു കൊലപാതകം. ഗ്രീഷ്മക്കെതിരെ ശക്തമായ സാഹചര്യത്തെളിവുകളും ഡിജിറ്റൽ തെളിവുകളുമുണ്ടായിരുന്നു. തുടർന്നാണ് സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.