സ്വവർഗരതിക്കെതിരായ നിലപാട് കടുപ്പിച്ച് ഹമാസ്. സ്വന്തം പ്രവർത്തകർക്കിടയിലെ ഗേ വ്യക്തികളെ തൂക്കിക്കൊന്നതായാണ് റിപ്പോർട്ട്. സ്വവർഗബന്ധങ്ങൾ തുടർന്നവരെയും പുരുഷ ബന്ദികളെ പീഡിപ്പിച്ചവരെയുമാണ് ശിക്ഷിച്ചത്. സ്വവർഗരതി പിന്തുടരുന്നവർ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഹമാസ് നേതൃത്വം അംഗങ്ങളോട് വ്യക്തമാക്കി. 2023ലെ ഒക്ടോബർ ഏഴ് ഭീകരാക്രമണ ദിവസം ഇസ്രായേലിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ബന്ദികളിലെ 7 പുരുഷന്മാരെ ബലാത്സംഗം ചെയ്തവരെയും ഹമാസ് വകവരുത്തിയിട്ടുണ്ട്. ന്യൂയോർക്ക് പോസ്റ്റാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഹമാസ് സംഘടനയ്‌ക്കുള്ളിൽ നടന്ന കാര്യങ്ങളെക്കുറിച്ച് ഐഡിഎഫിന് ലഭിച്ച രഹസ്യരേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംഘടനയ്‌ക്കുള്ളിലെ കുറ്റവും ശിക്ഷയും, ശിക്ഷിക്കപ്പെട്ടവരുടെ പേരുകളിലും ഇതിലുണ്ട്. ഇസ്രായേലിൽ നിന്നുള്ള പുരുഷബന്ദികളെ പീഡിപ്പിച്ചതിന്റെ വിവിരങ്ങളും രഹസ്യരേഖയിൽ പരാമർശിക്കുന്നു.
ഹമാസ് റിക്രൂട്ട് ചെയ്ത 94 പേർക്കെതിരെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2012നും 2019നുമിടയിൽ ഹമാസ് റിക്രൂട്ട് ചെയ്തവരാണ് കുറ്റവാളികളിൽ ഏറെയും. കൃത്യസമയത്ത് പ്രാർത്ഥിക്കാത്ത, ഫെയ്സ്ബുക്കിലൂടെ വഴിവിട്ട ബന്ധങ്ങളിൽ ഏർപ്പെട്ട വ്യക്തികളെയും ശിക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം.
ഗാസയിൽ സ്വവർഗരതി നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണ്. കണ്ടുപിടിക്കപ്പെട്ടാൽ തടവുശിക്ഷയോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ്. ഹമാസിന്റെ മുൻ കമാൻഡറായ മഹമൂദ് ഇഷ്തിവിയെ 2016ൽ വകവരുത്തിയത് സ്വവർഗരതിയുടെ പേരിലായിരുന്നു. ഒരു വർഷത്തോളം ജയിലിലിട്ട് പീഡിപ്പിച്ച ശേഷം വെടിവച്ച് കൊല്ലുകയായിരുന്നു. കാലുകൾ ബന്ധിച്ച് തലകീഴായി തൂക്കിയിട്ട് നെഞ്ചിലേക്ക് മൂന്നുതവണ വെടിയുതിർത്താണ് കമാൻഡറെ ഹമാസ് വധിച്ചത്.















