കൊച്ചി: CSR പദ്ധതിയുടെ പേരിൽ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും ‘സൈൻ’ എന്ന സംഘടനയും അനന്തുവിന്റെ തട്ടിപ്പിന് ഇരയാണെന്നും ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ. സിഎസ്ആർ ഫണ്ടിന്റെ പേരിൽ തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണനെതിരെ പരാതി നൽകുമെന്നും അഭിഭാഷകരുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പകുതിവിലയ്‌ക്ക് സാധനങ്ങൾ നൽകുമെന്ന് വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് പേരെ കബളിപ്പിച്ച് പണം തട്ടിയ അനന്തു കൃഷ്ണൻ സൈൻ എന്ന സംഘടനയേയും തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു. തുടർന്ന് എഎൻ രാധാകൃഷ്ണനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണവുമായി എത്തിയത്.
സൈൻ എന്ന സംഘടന 12 വർഷമായി പൊതുരംഗത്തുണ്ട്. കേന്ദ്ര തൊഴിൽ മന്ത്രാലയവുമായി സഹകരിച്ച് 32 തൊഴിൽ മേളകളാണ് സംഘടിപ്പിച്ചത്. രജിസ്ട്രേഷൻ പൂർണമായും സൗജന്യമായിരുന്നു. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായി സൗജന്യ ശസ്ത്രക്രിയയടക്കം നിരവധി സേവനങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടുകാലമായി പൊതുരംഗത്ത് പ്രവർത്തിക്കുന്നയാളാണ് താൻ. സേവന പ്രവർത്തനങ്ങളിൽ സജീവമാണ്. അനന്തുകൃഷ്ണൻ തന്നെയും കബളിപ്പിക്കുകയായിരുന്നു. പകുതിവിലയ്‌ക്ക് ഇരുചക്രവാഹനങ്ങൾ നൽകുന്നതിന് വൻകിട കമ്പനികളുടെ സിഎസ്ആർ ഫണ്ട് ലഭിക്കുമെന്ന് പറഞ്ഞ് തന്നെയും വിശ്വസിപ്പിച്ചു. സൈൻ എന്ന സ്ഥാപനവും അനന്തു കൃഷ്ണന്റെ തട്ടിപ്പിന് ഇരയാണെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി.
അനന്തു കൃഷ്ണനെതെതിരെ കേസെടുത്തതിന് ശേഷവും പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ പൊലീസ് അസോസിയേഷൻ ഇരുചക്രവാഹന വിതരണ പരിപാടി നടത്തി. ഈ പരിപാടിയിലും അനന്തു കൃഷ്ണൻ പങ്കെടുത്തിട്ടുണ്ട്. അനന്തുവിനെ കാണാൻ ഫ്ലാറ്റിൽ പോയിട്ടുണ്ടെന്നതും വാസ്തവമാണ്. വാഹനങ്ങൾ ബുക്ക് ചെയ്തവർക്ക് കൃത്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അനന്തു കൃഷ്ണനുമായി ബന്ധപ്പെട്ടിരുന്നു. സിഎസ്ആർ ഫണ്ട് സൈൻ വഴിയല്ല സ്വീകരിച്ചിരുന്നത്. വാഹനത്തിനായി അപേക്ഷ നൽകി ജനങ്ങൾ അടച്ച തുകയെല്ലാം അതേപടി അനന്തുവിന് കൈമാറുകയായിരുന്നു.
നിലവിൽ കേസ് നടക്കുന്ന സ്ഥാപനങ്ങളുമായി സൈനിന് യാതൊരു ബന്ധവുമില്ല. സായിഗ്രാമം ചെയർമാൻ ആനന്ദകുമാർ നിർദ്ദേശിച്ചതനുസരിച്ചാണ് അനന്തുകൃഷ്ണന്റെ ഇരുചക്രവാഹന വിതരണത്തിൽ സൈൻ ഭാഗമാകുന്നത്. അദ്ദേഹത്തിന്റെ പല പ്രവർത്തനങ്ങളെക്കുറിച്ചും നേരത്തെ കേട്ടിട്ടുണ്ട്. കേരളത്തിലെ ഭരണ-പ്രതിപക്ഷ നേതാക്കളടക്കം അനന്തു കൃഷ്ണൻ സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുത്തവരാണ്. പ്രമുഖർ പലരും ഇതിന്റെ ഭാഗമായതിനാൽ സംശയിക്കാൻ സാഹചര്യങ്ങളില്ലായിരുന്നു.
തന്റെ നേതൃത്വത്തിലുള്ള സൈൻ വഴി 5,620 സ്കൂട്ടറുകൾ വിതരണം ചെയ്തിട്ടുണ്ട്. ഇതിനിടെ പണം മടക്കി ചോദിച്ചവർക്ക് കൃത്യമായി മടക്കി നൽകിയിട്ടുമുണ്ട്. നാളെയും സൈനിന്റെ വാഹന വിതരണമുണ്ട്. കഴിഞ്ഞ മെയ് മാസത്തിന് ശേഷം ഇരുചക്രവാഹനങ്ങൾക്കായി പണം വാങ്ങിയിട്ടില്ല. സ്കൂട്ടറിനായി അപേക്ഷിച്ച 6,000 പേരുടെ കയ്യിൽ നിന്ന് സൈൻ പണം വാങ്ങിയിരുന്നു. ഇതിൽ 5,620 പേർക്ക് വാഹനങ്ങൾ നൽകി. സൈൻ എന്ന സംഘടനയെ കുറിച്ച് ഇതുവരെ ആർക്കും ഒരു പരാതിയുമില്ല. അനന്തു കൃഷ്ണൻ രൂപീകരിച്ച സീഡ് സൊസൈറ്റിയെ കുറിച്ചാണ് പരാതികൾ ഉയരുന്നതെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു.















