ബ്യൂണസ് അയേഴ്‌സ് ( അർജന്റീന): യുഎസിന് പിന്നാലെ അർജന്റീനയും ലോകാരോഗ്യ സംഘടനയിൽ നിന്ന് അംഗത്വം പിൻവലിക്കുന്നു. പ്രസിഡൻറ് ജാവിയർ മിലെയുടെ തീരുമാനം അദ്ദേഹത്തിന്റെ വക്താവ് മാനുവൽ അഡോർണിയാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്
രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടാൻ ഒരു അന്താരാഷ്‌ട്ര സംഘടനയേയും അനുവദിക്കില്ലെന്ന് അർജന്റീന വ്യക്തമാക്കി. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച ലോക്ഡൗൺ അടക്കമുള്ള കാര്യങ്ങളിൽ അർജീന്റീനയ്‌ക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
രാജ്യങ്ങളുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടാൻ ലോകാരോഗ്യ സംഘടനയ്‌ക്ക് അധികാരമില്ല. ലോകാരോഗ്യ സംഘടന അർജൻറീനയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും സാമ്പത്തിക സഹായങ്ങളൊന്നും ഉണ്ടായിട്ടില്ല. അതിനാൽ തന്നെ പിൻമാറ്റം അർജന്റീനയെ ഒരു തരത്തിലും ബാധിക്കില്ല. മാത്രമല്ല പിന്മാറ്റം അർജന്റീനയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഉതുകുമെന്നും മാനുവൽ അഡോർണി അവകാശപ്പെട്ടു
ലോകാരോഗ്യ സംഘടനയിൽ നിന്ന് യുഎസ് പിന്മാറുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചതിന് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് അർജന്റീനയുടെ പ്രഖ്യാപനം. ലോകാരോഗ്യ സംഘടന കോവിഡ് മഹാമാരിയുടെ സമയത്ത് നിഷ്ക്രീയമായിരുന്നുവെന്ന് അഭിപ്രായം മിക്ക അംഗരാജ്യങ്ങളും ഉന്നയിച്ചിരുന്നു. എക്സിക്യൂട്ടീവ് ഉത്തരവിന്റെ വേളയിൽ ട്രംപും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.