ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ വിമർശനങ്ങൾക്ക് രാജ്യസഭയിൽ മറുപടി നൽകി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയക്കുന്നത് ഇതാദ്യമല്ലെന്നും 2009 മുതൽ അനധികൃത കുടിയേറ്റക്കാരെ യുഎസ് നാടുകടത്തുന്നുണ്ടെന്നും വിദേശകാര്യമന്ത്രി ഓർമിപ്പിച്ചു.
വിദേശത്ത് നിയമവിരുദ്ധമായി താമസിക്കുന്നതായി കണ്ടെത്തിയാൽ, പൗരന്മാരെ തിരിച്ചെടുക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ബാധ്യതയാണെന്ന് ജയശങ്കർ വ്യക്തമാക്കി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ല. വിലങ്ങിട്ട് കൊണ്ടുവന്നുവെന്നത് യാഥാർത്ഥ്യമാണ്. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടത്. നാടുകടത്തപ്പെടുന്നവരെ കാലാകലങ്ങളായി കൊണ്ടുവരുന്നത് ഇതേരീതിയിലാണെന്നും ജയശങ്കർ വ്യക്തമാക്കി.
യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനായി നടപടിക്രമങ്ങൾ ചെയ്യുന്നതും നടപ്പിലാക്കുന്നതും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) അതോറിറ്റിയാണ്. നാടുകടത്തപ്പെട്ട് തിരിച്ചെത്തുന്നവരോട് ഒരു തരത്തിലും മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാൻ യുഎസ് സർക്കാരോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, അനധികൃത കുടിയേറ്റത്തിനെതിരായ ശക്തമായ നടപടികൾ സ്വീകരിക്കുക എന്നതാണ് സർക്കാർ നയം. നാടുകടത്തപ്പെട്ടവർ വെളിപ്പെടുത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇവരെ കുടിയേറ്റത്തിന് സഹായിച്ച ഏജന്റുമാർക്കും ഏജൻസികൾക്കുമെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കും. ഇതിനായി നിയമ നിർവ്വഹണ ഏജൻസികൾക്ക് നിർദേശം നൽകുമെന്നും ഡോ. എസ്. ജയശങ്കർ പറഞ്ഞു.
എന്നാൽ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ എംപിമാർ രാജ്യസഭയിൽ വീണ്ടും ബഹളം വച്ചു. തൃപ്തികരമായ വിശദീകരണമല്ല ജയശങ്കർ നടത്തിയതെന്ന് കോൺഗ്രസും വിമർശിച്ചു.
അനധികൃത കുടിയേറ്റക്കാരായ 104 ഇന്ത്യക്കാരുമായി ബുധനാഴ്ചയാണ് യുഎസ് സൈനിക വിമാനം ഇന്ത്യയിലെത്തിയത്. മതിയായ രേഖകളില്ലാതെ യുഎസിൽ താമസിക്കുന്നവർക്കെതിരെയും അനധികൃതമായി കുടിയേറിയവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന ട്രംപിന്റെ തീരുമാനത്തിന് പിന്നാലെയാണ് നാടുകടത്തൽ ആരംഭിച്ചത്.















