ന്യൂഡൽഹി: അമേരിക്കയുടെ നാടുകടത്തലിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ. ഇതാദ്യമായിട്ടല്ല അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയക്കുന്നതെന്നും 2009 മുതലുള്ള നടപടിക്രമമാണെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി.
അമേരിക്കയിൽ നിന്ന് 104 പേർ മടങ്ങിവരുന്നുണ്ടെന്ന കാര്യം അറിയാമായിരുന്നു. അവർ ഓരോരുത്തരുടെയും പൗരത്വം സ്ഥീരീകരിച്ചതിന് ശേഷമാണ് യുഎസ് സൈനിക വിമാനത്തിന് ഇന്ത്യയിൽ ഇറങ്ങാൻ അനുമതി നൽകിയത്. ഇതൊരു പുതിയ പ്രശ്നമോ സംഭവമോ അല്ല. വർഷങ്ങൾക്ക് മുൻപ് മുതൽ ഇത് നടക്കുന്നുണ്ട്.
പ്രതിവർഷം നൂറുകണക്കിന് ഇന്ത്യക്കാരാണ് അനധികൃത കുടിയേറ്റത്തിന്റെ പേരിൽ അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെടുന്നത്. 2012ൽ 530 പേർ ഇത്തരത്തിൽ എത്തിയിരുന്നു. 2019ൽ 2000 പേർ മടങ്ങിവന്നിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി ഓർമിപ്പിച്ചു.
നാടുകടത്തപ്പെട്ട ഓരോ ഇന്ത്യക്കാരനുമായും അധികൃതർ സംവദിക്കും. എങ്ങനെയാണ് അമേരിക്കയിൽ എത്തപ്പെട്ടതെന്നും ആരായിരുന്നു ഏജന്റെന്നും അന്വേഷിക്കും. നിയമവിരുദ്ധമായി കുടിയേറാൻ സഹായിച്ച വ്യക്തികൾ, സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവയുടെ വിവരങ്ങൾ ശേഖരിച്ച് നടപടിയെടുക്കും. അതുവഴി ഇത്തരം സാഹചര്യങ്ങൾ ഭാവിയിലുണ്ടാകുന്നത് ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയശങ്കർ വ്യക്തമാക്കി.
നിയമപരമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അനധികൃത നീക്കങ്ങൾ തടയുകയും ചെയ്യേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണ്. വിദേശത്ത് കഴിയുന്ന പൗരന്മാർ അനധികൃതമായാണ് താമസിക്കുന്നതെന്ന് കണ്ടെത്തിയാൽ അവരെ തിരിച്ചെടുക്കേണ്ട ഉത്തരവാദിത്വം എല്ലാ രാജ്യങ്ങൾക്കുമുണ്ട്. നാടുകടത്തൽ ഒരു പുതിയ സംഭവവികാസമല്ലെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
കൊളംബിയ പോലുള്ള രാജ്യങ്ങൾ അമേരിക്കയുടെ നാടുകടത്തലിനെതിരെ പ്രതിഷേധിച്ചപ്പോൾ എന്തുകൊണ്ട് ഇന്ത്യ അത്തരമൊരു നിലപാട് സ്വീകരിച്ചില്ലെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനുള്ള മറുപടി കൂടിയായിരുന്നു ജയശങ്കർ നൽകിയത്.















