സർക്കാർ ആശുപത്രിയിൽ ഫെവിക്വിക് കൊണ്ട് മുറിവ് ഒട്ടിച്ച് ചേർത്തതായി പരാതി. കർണാടകയിലെ ഹാവേരി ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിലാണ് കേട്ടുകേൾവിയില്ലാത്ത സംഭവം അരങ്ങേറിയത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന
ഡ്യൂട്ടി നേഴ്സിനെ സസ്പെൻഡ് ചെയ്തു.
എഴുവയസുകാരനായ ഗുരുകിഷന് കവിളിൽ ആഴത്തിൽ മുറിവേറ്റിരുന്നു. മുറിവിൽ നിന്ന് രക്തം ഒഴുകുന്ന അവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് നടന്ന സംഭവങ്ങൾ മാതാപിതാക്കൾ മൊബൈലിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്.
വർഷങ്ങളായി താൻ ഇത് ചെയ്യുന്നുണ്ടെന്നും സ്റ്റിച്ചിട്ടാൽ കുട്ടിയുടെ മുഖത്ത് സ്ഥിരമായി പാടുണ്ടാകുമെന്നും നേഴ്സ് പറയുന്നുണ്ട്. ഈ വീഡിയോയും പരാതിയുടെ കൂടെ മാതാപിതാക്കൾ സമർപ്പിച്ചിരുന്നു.
ഇതിനിടെ നേഴ്സിനെ രക്ഷിക്കാനുള്ള ശ്രമവും അധികൃതർ നടത്തിയിരുന്നു. സസ്പെൻഡ് ചെയ്യുന്നതിന് പകരം ട്രാൻസ്ഫർ ഉത്തരവാണ് ആദ്യം ഇറക്കിയത്. ജനരോഷം ശക്തമായതിനെ പിന്നാലയാണ് സസ്പെൻഡ് ചെയ്യാൻ തയ്യാറായത്. നിലവിൽ കുട്ടി ആരോഗ്യവാനാണ്. പാർശ്വഫലങ്ങളുണ്ടോയെന്ന് നിരീക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.