മുംബൈ: അനധികൃതമായി അതിർത്തി കടന്ന ഇന്ത്യക്കാരെ യുഎസ് നാടുകടത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി നടുകടത്തപ്പെട്ട യുവാവ്. ഏജന്റിന്റെ പിഴവ് കാരണമാണ് തനിക്ക് ഈ അവസ്ഥയുണ്ടാതയെന്നും 10 ദിവസത്തോളം ഒരു സംഘം ആളുകൾ തന്നെ പിടിച്ചുവച്ചിരുന്നെന്നും മഹാരാഷാട്രയിലെ നാഗ്പൂർ സ്വദേശിയായ ഹർപ്രീത് സിംഗ് പറഞ്ഞു.
“ഡിസംബർ അഞ്ചിനാണ് ഞാൻ ഡൽഹിയിൽ നിന്ന് യാത്ര ആരംഭിച്ചത്. അടുത്ത ദിവസം അബുദാബിയിൽ നിന്ന് ഫ്ലൈറ്റ് ഉണ്ടായിരുന്നു. പക്ഷേ, ചില തടസങ്ങൾ കാരണം എനിക്ക് ഫ്ലൈറ്റിൽ കയറാൻ കഴിഞ്ഞിരുന്നില്ല. ഞാൻ ഡൽഹിയിലേക്ക് മടങ്ങി എട്ട് ദിവസം അവിടെ താമസിച്ചു. അവിടെ നിന്ന് എന്നെ കെയ്റോ, സ്പെയിൻ, നിക്കരാഗ്വ, ഹോണ്ടുറാസ്, മെക്സിക്കോ എന്നിവിടങ്ങളിലേക്ക് അയച്ചു”.
“അമ്പത് ലക്ഷത്തോളം രൂപ എന്റെ കയ്യിൽ നിന്ന് നഷ്ടമായി. ബാങ്കിൽ നിന്ന് വായ്പ എടുത്തും സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയുമാണ് പണം സംഘടിപ്പിച്ചത്. കാനഡയിൽ ജോലി ചെയ്യണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഏജന്റിന്റെ പിഴവ് കാരണമാണ് ഈ അവസ്ഥയുണ്ടായത്. മെക്സിക്കോയിൽ ഒരു സംഘം ആളുകൾ തന്നെ 10 ദിവസം തടവിലാക്കിയിരുന്നുവെന്നും” യുവാവ് പറഞ്ഞു.
യുഎസിലേക്കുള്ള അപകടകരമായ യാത്രയെ കുറിച്ചും യുവാവ് പങ്കുവച്ചു. യുഎസിന്റെ അതിർത്തിയിലെത്താൻ നാല് മണിക്കൂർ മലകയറ്റവും 16 മണിക്കൂർ നടത്തവുമായിരുന്നു. ഏറെ അപകടം നിറഞ്ഞ വഴികളിലൂടെയാണ് യാത്ര ചെയ്തത്. നാടുകടത്തുന്നതിനായി സൈനികർ ആദ്യം ഞങ്ങളുടെ കൈകൾ കെട്ടിവച്ചു. പിന്നീട് കാലുകൾ ചങ്ങലയിട്ടുവെന്നും യുവാവ് പറയുന്നു.















