കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. ആഭ്യന്തര ടെർമിനലിന് സമീപമുള്ള അന്ന സാറാ കഫെയുടെ പിൻഭാഗത്തുള്ള മാലിന്യക്കുഴിയിലാണ് കുട്ടി വീണത്.
വിമാനത്താവളത്തിൽ വന്നിറങ്ങിയ ദമ്പതികളുടെ മകൻ റിതാൻ രാജുവാണ് അപകടത്തിൽപ്പെട്ടത്. ഇവർ സമീപത്തുള്ള കഫെ ഷോപ്പിൽ നിന്നും ചായകുടിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. പിന്നാലെ നടത്തിയ തിരച്ചിലിൽ കുട്ടിയെ തുറന്നുകിടന്ന മാലിന്യക്കുഴിയിൽ നിന്നും കണ്ടെത്തി. കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാലടി താഴ്ചയുള്ള മാലിന്യക്കുഴി അപകടം സംഭവിച്ചതിനെത്തുടർന്ന് പൊലീസും അധികാരികളുമെത്തി മൂടിയിട്ടു. സംഭവത്തിൽ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് വാർത്താക്കുറിപ്പിറക്കി . പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്താണ് അപകടം സംഭവിച്ചതെന്നാണ് എയർപോർട്ട് അധികൃതരുടെ വിശദീകരണം.















