കോഴിക്കോട്: കോഴിക്കോട് കല്ലാച്ചിയിൽ കാറ്ററിംഗ് യൂണിറ്റിൽ നിന്നുവാങ്ങിയ അൽഫാമിൽ പുഴുക്കൾ. കല്ലാച്ചി കുമ്മൻകോട്ടെ ടി കെ ക്യാപ്റ്റൻ യൂണിറ്റിൽ നിന്നുവാങ്ങിയ ചിക്കൻ അൽഫാമിലാണ് പുഴുക്കൾ കണ്ടെത്തിയത്. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പുഴുവരിച്ച പഴകിയ ഭക്ഷണം പിടികൂടി. തുടർന്ന് നോട്ടീസ് നൽകി കാറ്ററിങ് യൂണിറ്റ് അടച്ചുപൂട്ടി.
ഇവിടെ നിന്നും അൽഫാം വാങ്ങി കഴിച്ച കുമ്മൻകോട് സ്വദേശിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു. വയറുവേദന അനുഭവപ്പെട്ട യുവാവിനെ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ കഴിച്ച അൽഫാമിൽ നിന്നും പുഴുക്കളെ കണ്ടെത്തി. തുടർന്ന് ആരോഗ്യ വിഭാഗത്തിന് പരാതി നൽകുകയായിരുന്നു.
ആരോഗ്യ വിഭാഗം ജീവനക്കാർ നടത്തിയ പരിശോധനയിലും ദിവസങ്ങളോളം പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെടുത്തു. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം സൂക്ഷിക്കുന്നതെന്നും കണ്ടെത്തി. തുടർന്നാണ് കാറ്ററിംഗ് യൂണിറ്റ് അടച്ചുപൂട്ടിയത്.