തിരുവനന്തപുരം: ഇനിയുള്ള രണ്ട് ദിവസം തലസ്ഥാന നഗരിയിൽ അമൃതോത്സവത്തിന്റെ നാളുകൾ. ദക്ഷിണേന്ത്യൻ പര്യടനത്തിന് തുടക്കം കുറിച്ച് ശ്രീ മാതാ അമൃതാനന്ദമയി ദേവി തിരുവനന്തപുരത്ത് എത്തി. ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന കൈമനം ബ്രഹ്മസ്ഥാനം മഹോത്സവത്തിൽ അമ്മ മുഖ്യകാർമികത്വം വഹിക്കും. അഞ്ചു വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് അമ്മ തിരുവനന്തപുരത്ത് എത്തുന്നത്. അമ്മയുടെ ദക്ഷിണേന്ത്യൻ പര്യടനത്തിനും ഇതോടെ തുടക്കമായി.
മന്ത്രധ്വനികളും വാദ്യഘോഷങ്ങളും മുഴങ്ങിയ അന്തരീക്ഷത്തിൽ എത്തിയ അമ്മയെ മാതാ അമൃതാനന്ദമയി മഠം കൈമനം മഠാധിപതി സ്വാമി ശിവാമൃതാനന്ദ പുരിയുടെ നേതൃത്വത്തിൽ പൂർണകുംഭം നൽകിയാണ് തിരുവനന്തപുരത്തെയ്‌ക്ക് സ്വീകരിച്ചത്. മാതാ അമൃതാനന്ദമയി മഠത്തിലെ മുതിർന്ന സന്യാസശിഷ്യരും നൂറുകണക്കിന് വരുന്ന ബ്രഹ്മചാരി – ബ്രഹ്മചാരിണിമാരും ആശ്രമ അന്തേവാസികളും അമ്മയോടൊപ്പം എത്തിയിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കൈമനം ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവത്തിന് ശനിയാഴ്ച കൊടിയേറുന്നതോടെ അനന്തപുരി അമൃതപുരിയാകും.
ഇന്ന് രാവിലെ 11 മണിയോടെയാണ് അമ്മ പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തുക. തുടർന്ന് വിശിഷ്ട വ്യക്തികൾ അമ്മയെ ഹാരാർപണം ചെയ്യും. പിന്നീട് അമ്മയുടെ നേതൃത്വത്തിൽ ധ്യാനം, സത്സംഗം, ഭജന എന്നിവയും തുടർന്ന് ദർശനവും നടക്കും.
അമ്മയെ കാണാനും അനുഗ്രഹം നേടാനുമായി എത്തുന്നവര്‍ക്കെല്ലാം വേണ്ട എല്ലാ സജ്ജീകരണങ്ങളും കൈമനം ആശ്രമത്തില്‍ ഒരുക്കിയിട്ടുണ്ട്. അമൃതോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്കെല്ലാം ഭക്ഷണം നൽകാനുള്ള സൗകര്യവും ബ്രഹ്മസ്ഥാന പരിസരത്ത് ഒരുക്കിയിട്ടുണ്ട്.















