കൊച്ചി: കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട അഭിഭാഷകനെ മാറ്റിയതായി കുടുംബം അറിയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടാന്‍ സീനിയര്‍ അഭിഭാഷകനായ എസ്. ശ്രീകുമാറിനെ ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് കുടുംബം ചൂണ്ടിക്കാണിച്ചു. അതിനാൽ വക്കാലത്ത് അവസാനിപ്പിക്കുന്നതായി കുടുംബം വ്യക്തമാക്കി. തങ്ങള്‍ ആവശ്യപ്പെട്ടത് സി.ബി.ഐ. അന്വേഷണം മാത്രമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണമെന്ന ആവശ്യം കുടുംബത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണെന്നും കുടുംബം അറിയിച്ചു.
നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്‌ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍ വാദിച്ചത് സി.ബി.ഐ. അന്വേഷണമല്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം എന്ന ആവശ്യത്തെ സര്‍ക്കാരും എതിര്‍ത്തില്ല.
“പ്രത്യേക അന്വേഷണസംഘം നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ല. അതിനാല്‍ സി.ബി.ഐ.യോ അതല്ലെങ്കില്‍ ക്രൈംബ്രാഞ്ചോ അന്വേഷണം നടത്തണം. പ്രത്യേക അന്വേഷണസംഘത്തിന്റെ കൈ ബന്ധിച്ചിരിക്കുകയാണ്”; സീനിയര്‍ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍ വാദിച്ചു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണമെന്ന ആവശ്യം സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു, അതിനെതിരായ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. വസ്തുതകള്‍ ശരിയായി വിശകലനം ചെയ്യാതെയാണ് സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതെന്നാണ് അപ്പീലിലെ വാദം. ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ബെഞ്ച് അപ്പീല്‍ ഉത്തരവിനായി മാറ്റിയിട്ടുണ്ട്.















