ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആം ആദ്മി പാർട്ടി തകർന്നടിഞ്ഞെന്ന സൂചനകൾ പുറത്തുവന്നതോടെ പ്രതികരണവുമായി അരവിന്ദ് കേജരിവാളിന്റെ രാഷ്‌ട്രീയ ഗുരു അണ്ണാ ഹസാരെ.
‘ ഒരു സ്ഥാനാർത്ഥിയുടെ പെരുമാറ്റവും ചിന്തകളും ശുദ്ധമായിരിക്കണം, ജീവിതം കുറ്റമറ്റതായിരിക്കണം, ത്യാഗം ചെയ്യാൻ സന്നദ്ധനായിരിക്കണം. ഈ ഗുണങ്ങളാണ് വോട്ടർമാർക്ക് സ്ഥാനാർത്ഥിയിൽ വിശ്വാസം ജനിപ്പിക്കുന്നത്. ഇതെല്ലാം ആവർത്തിച്ച് പറഞ്ഞിരുന്നെങ്കിലും അതൊന്നും കേജരിവാൾ ശ്രദ്ധിച്ചില്ല. അദ്ദേഹത്തിന്റെ ശ്രദ്ധ മദ്യത്തിലായിരുന്നു, പണത്തിന്റെ ശക്തി അദ്ദേഹത്തെ കീഴടക്കി,’ ഹസാരെ പറഞ്ഞു.
27 വർഷത്തിന് ശേഷമാണ് ബിജെപി ഇന്ദ്രപ്രസ്ഥത്തിൽ തിരിച്ചെത്തുന്നത്. സാധാരണക്കാരന്റെ പാർട്ടി എന്ന പേരിൽ പൊടുന്നെ അവതരിച്ച ആപ്പ് തങ്ങളെ വഞ്ചിക്കുകയാണെന്ന് ഡൽഹി ജനത തിരിച്ചറിഞ്ഞതാണ് ബിജെപിക്ക് വഴിയൊരുക്കിയത്. സൗജന്യ വാഗ്ദനങ്ങൾ നൽകി വോട്ടർമാരുടെ കണ്ണിൽ പൊടിയിട്ട് കൊണ്ട് രണ്ട് തവണയും ആപ്പ് അധികാരം പിടിച്ചെടുത്തത്.
ഡൽഹിക്ക് പിന്നാലെ പഞ്ചാബിൽ കൂടി അധികാരം പിടിച്ചതോടെ ദേശീയ പാർട്ടിയെന്ന പ്രതീതി ആപ്പ് സൃഷ്ടിക്കാൻ തുടങ്ങി. പഞ്ചാബ് തെരഞ്ഞെടുപ്പിൽ ജയിച്ചത് മദ്യനയ അഴിമതിയിൽ നിന്ന് ലഭിച്ച പണം കൊണ്ടാണെന്ന് അന്വേഷണ ഏജൻസികൾ പിന്നീട് കണ്ടെത്തി. കൂടാതെ രാജ്യത്തിന് പുറത്ത് നിന്നും ഖലിസ്ഥാൻ വിഘടനവാദികളുടെ ഫണ്ടിംഗും ആപ്പിലേക്ക് ഒഴുകി.
സൗജന്യ വാഗ്ദാനങ്ങളല്ല ജനങ്ങൾക്കാവശ്യം സുസ്ഥിര വികസനമാണെന്ന് ആപ്പിനെ പഠിപ്പിച്ച് കൊടുത്തിരിക്കികയാണ് ഡൽഹി ജനത. ഡൽഹിയിലെ പരാജയത്തോടെ കേജരിവാളിന്റെ രാഷ്‌ട്രീയ ഭാവി ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. സ്വന്തം പാർട്ടിയിൽ കേജരിവാളിനെതിരെ പടയൊരുക്കം ശക്തമാണ്. കേജരിവാൾ രാഷ്‌ട്രീയ വനവാസം തെരഞ്ഞെടുക്കുമോ അതോ പ്രതിപക്ഷ നേതാവാകുമോയെന്ന് കാത്തിരുന്ന് കാണം.