ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി കൂപ്പുകുത്തിയതിന് പിന്നാലെ ശ്രദ്ധേയമായ പോസ്റ്റുമായി രാജ്യസഭ എംപി സ്വാതി മാലിവാൾ. പല സന്ദേശങ്ങളും നൽകുന്ന ചിത്രം പങ്കുവച്ചാണ് ഡൽഹിയിലെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാതി മാലിവാൾ സ്വീകരിച്ചത്. മഹാഭാരതത്തിലെ പാഞ്ചാലി വസ്ത്രാക്ഷേപവും കൗരവസഭയിൽ വച്ച് ദ്രൗപദി അപമാനിതയായപ്പോൾ രക്ഷിക്കാനെത്തുന്ന ശ്രീകൃഷ്ണനുമാണ് ചിത്രത്തിലുള്ളത്. അടിക്കുറിപ്പൊന്നും ഇല്ലാതെ എക്സിലാണ് സ്വാതി മാലിവാൾ ചിത്രം പങ്കുവച്ചത്.
അധർമത്തിന്റെ മേലുള്ള ധർമത്തിന്റെ വിജയത്തെ പരോക്ഷമായി ആഘോഷിക്കുകയാണ് സ്വാതി മാലിവാൾ. സ്വന്തം പാർട്ടിയിൽ നിന്ന് താൻ നേരിട്ട ദുരനുഭവം ഓർമിക്കുന്നതാണ് സ്വാതി മാലിവാളിന്റെ പോസ്റ്റ്. മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ പി എ ബൈഭവ് കുമാറിന്റെ അതിക്രമവും അത് കണ്ട് നിശ്ചലമായി നിന്ന സുരക്ഷാ ഉദ്യോഗസ്ഥരും കൗരവസഭയ്‌ക്ക് സമാനം. പാർട്ടിക്കെതിരെ ധൈര്യത്തോടെ ശബ്ദമുയർത്തിയ സ്ത്രീ ശക്തിയായിരുന്നു സ്വാതി.
ഒരു കാലത്ത് എഎപിയുടെ നാവായി പ്രവർത്തിച്ച് അരവിന്ദ് കെജരിവാളിന് വേണ്ടി പ്രതിരോധങ്ങൾ തീർത്ത സ്വാതി മാലിവാൾ നിരവധി സംഭവങ്ങളിൽ പാർട്ടിക്കെതിരെ തുറന്നടിച്ചു. തന്നെ അപായപ്പെടുത്താൻ കെജരിവാൾ ശ്രമിക്കുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് സ്വാതി മാലിവാൾ ആം ആദ്മി പാർട്ടിക്കെതിരെ പോരാട്ടം തുടങ്ങിയത്.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ ആഘോഷങ്ങളാണ് ഡൽഹിയിൽ നടക്കുന്നത്. ‘ജയ്ശ്രീം’ എന്ന് എഴുതിയ പതാകയുമായാണ് ബിജെപി പ്രവർത്തകർ ആഘോഷിക്കുന്നത്. വൈകിട്ട് ഏഴ് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി ആസ്ഥാനത്തെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യും.















