അഴിമതിയെ ചൂലെടുത്ത് തൂത്തുകളഞ്ഞ് വലിയൊരു മതിൽ കെട്ടി ഇന്ദ്രപ്രസ്ഥത്തെ സംരക്ഷിച്ചവനെന്ന ഖ്യാതിയിൽ അഭിരമിച്ച അരവിന്ദ് കേജരി’WALL’ അടപടലം തകർന്നുവീണ ദാരുണമായ കാഴ്ച. ഭരണകക്ഷിക്ക് ഭരണവിരുദ്ധ വികാരം പ്രതീക്ഷിക്കാമെങ്കിലും ചൂലെടുത്ത് അടിച്ചോടിക്കുന്ന ജനവിധി കനത്ത തിരിച്ചടിയും ജനങ്ങളുടെ വലിയൊരു മറുപടിയുമാണ്. ഡൽഹിയിൽ കേജരിവാൾ കെട്ടിപ്പൊക്കിയ ആദർശങ്ങളുടെ ‘ശീഷ്മഹൽ’ തകർന്നുതരിപ്പണമായി. രക്ഷകനെന്ന് വിശ്വസിച്ച് ജനം കൂടെനിന്നപ്പോൾ ഭരണത്തിന്റെ ലഹരിയിൽ മതിമറന്നുപോയ കേജരിവാൾ മുഖ്യമന്ത്രിക്കസേരയിലേക്ക് എത്തിയപ്പോൾ സ്വന്തം നാവിൽ നിന്നുവീണ വാക്കുകൾ പോലും മറന്നുപോയി. പണവും പ്രതാപവും സ്വയം മറക്കാൻ പ്രേരിപ്പിച്ചു. എന്നാൽ ഇതൊന്നും ഡൽഹി ജനത വിസ്മരിച്ചില്ല. ആംആദ്മി കൺവീനർക്ക് ഭരണം നഷ്ടമാകുന്നതിനൊപ്പം സ്വന്തം സീറ്റ് കൂടി നഷ്ടപ്പെടുത്തിയത്, 2015ൽ അധികാരത്തിലെത്തിച്ച അതേജനങ്ങൾ തന്നെയാണ്. അന്ന് സീറ്റുനൽകി നീണാൾവാഴിച്ച ജനങ്ങളെ മറന്ന് കേജരിവാൾ അഭിരമിച്ചപ്പോൾ അതേ നാണയത്തിൽ ജനങ്ങൾ മറുപടി നൽകി. ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് മത്സരിച്ച കേജരിവാൾ തോറ്റു!!
അരവിന്ദ് കേജരിവാളിന്റെ എതിർസ്ഥാനാർത്ഥിയും ബിജെപി നേതാവുമായ പർവേഷ് സാഹിബ് സിംഗ് 1800ലധികം വോട്ടുകൾക്ക് ഭൂരിപക്ഷം നേടിയാണ് കേജരിവാളിനെ തോൽപ്പിച്ചത്. ഇടയ്‌ക്ക് ലീഡുയർത്താൻ കേജരിവാളിന് കഴിഞ്ഞിരുന്നെങ്കിലും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ആംആദ്മി ദേശീയ കൺവീനറായ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ കള്ളപ്പണക്കേസിൽ ജാമ്യം നേടി ജയിലിൽ നിന്ന് തിരിച്ചെത്തി മത്സരിച്ചപ്പോൾ സഹതാപതരംഗം അണപ്പൊട്ടിയൊഴുകുമെന്ന് കരുതിയെങ്കിലും ഇറങ്ങിപ്പോകൂവെന്നായിരുന്നു ജനങ്ങളുടെ മറുപടി. ആംആദ്മി സ്ഥാപക നേതാവ് സിസോദിയക്കേറ്റതും കനത്ത തിരിച്ചടിയായിരുന്നു. മുൻ ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയെ ബിജെപി നേതാവ് തർവീന്ദർ സിംഗ് മർവ പരാജയപ്പെടുത്തി. അഞ്ഞൂറോളം വോട്ടുകൾക്കാണ് സിസോദിയയുടെ പരാജയം. ഡൽഹിയിൽ ആംആദ്മി പാർട്ടിയുടെ സ്ഥാപകനേതാക്കളും മുഖ്യമന്ത്രി കസേരയെ അലങ്കരിച്ചവരും ഒരുപോലെ പരാജയം നുണയുന്ന കാഴ്ച ആംആദ്മിയെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രതീക്ഷിതമായിരുന്നു.
സഞ്ചരിച്ചുകൊണ്ടിരുന്ന ആഡംബര നൗകയുടെ കപ്പിത്താൻ ആംആദ്മി ആണെന്ന് കേജരിവാൾ കരുതി. എന്നാൽ യഥാർത്ഥ കപ്പിത്താൻ ജനങ്ങളായിരുന്നു. അവർ ആ നൗകയ്‌ക്ക് നങ്കൂരമിട്ടു. കേജരിവാളിനെ പുറത്തേക്കിട്ടു. മുങ്ങിത്താഴാതിരിക്കാൻ ഇരുപതോളം സീറ്റുകളുള്ള ഒരു കയറും നൽകി. അതിൽപ്പിടിച്ച് കയറിവരണമെങ്കിൽ നേരത്തെ ചവറ്റുകുട്ടയിലിട്ട ആദർശങ്ങളെ കേജരിവാൾ തപ്പിയെടുക്കേണ്ടി വരുമെന്ന് മാത്രം..















