ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാൾ തോറ്റു. കെജ്‌രിവാളിനെ നിലത്തിറക്കി ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമ വിജയിച്ചു. 2,300 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് പർവേഷ് വർമ വിജയക്കൊടി പാറിച്ചത്. ജംഗ്പുര മണ്ഡലത്തിൽ മനീഷ് സിസോദിയയെ പിന്നിലാക്കി ബിജെപിയുടെ തർവിന്ദർ സിംഗും വിജയം നേടി.
ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ ലീഡുനില ആദ്യഘട്ടത്തിൽ മാറിമറിഞ്ഞെങ്കിലും പിന്നീട് ബിജെപി കുതിക്കുകയായിരുന്നു. അഴിമതിയിൽ മുങ്ങിത്താഴ്ന്ന എഎപിയെ ജനങ്ങൾ വലിച്ചെറിഞ്ഞ തെരഞ്ഞെടുപ്പായിരുന്നുയിത്. 70 നിയമസഭാ മണ്ഡലങ്ങളിൽ 48 എണ്ണത്തിലും ബിജെപി മുന്നിലാണ്.
ആംആദ്മിക്കെതിരെ ഗുരുതര ആരോപണവുമായി പാർട്ടിക്കുള്ളിലെ എംപിമാരും നേതാക്കളും കൂടി രംഗത്തുവന്നതോടെ തകർന്നടിയുകയായിരുന്നു എഎപി. കോൺഗ്രസിന് ഇതുവരെ ഒരു സീറ്റിലും ലീഡ് നേടാൻ കഴിഞ്ഞിട്ടില്ല. ഡൽഹിയിൽ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം 36 സീറ്റുകളാണ്.
27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡൽഹിയിൽ ബിജെപിയുടെ തിരിച്ചുവരവ്. ബിജെപി പ്രവർത്തകർ പാർട്ടി ആസ്ഥാനത്ത് വിജയാഘോഷത്തിലാണ്. മധുരം പങ്കിട്ടും നൃത്തം ചെയ്തും ബിജെപി പ്രവർത്തകർ വിജയം ആഘോഷിച്ചു. ബിജെപിയുടെ വിജയം ഉറപ്പിച്ചതോടെ എഎപി നേതാക്കൾ നഗരത്തിൽ നിന്ന് അപ്രത്യക്ഷമായി.















