അയോദ്ധ്യ: അയോദ്ധ്യ ജില്ലയിലെ മിൽക്കിപൂർ നിയമസഭാ സീറ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ അവസാനഫലങ്ങൾ ഫലങ്ങൾ വന്നപ്പോൾ ബിജെപി ക്ക് മിന്നും ജയം. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി അജിത് പ്രസാദിനെ അമ്പേ പരാജയപ്പെടുത്തി ബിജെപി സ്ഥാനാർത്ഥി ചന്ദ്രഭാനു പാസ്വാൻ വിജയക്കൊടി നാട്ടിക്കഴിഞ്ഞു. ഈ സീറ്റിലെ മുൻ എംഎൽഎ ആയ അവധേഷ് പ്രസാദിന്റെ മകനാണ് അജിത് പ്രസാദ്.
മിൽക്കിപൂർ സീറ്റിൽ 10 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടെങ്കിലും പ്രധാന മത്സരം ബിജെപി സ്ഥാനാർത്ഥി ചന്ദ്രഭാനു പാസ്വാനും സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി അജിത് പ്രസാദും തമ്മിലായിരുന്നു.അവസാന റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ഏതാണ്ട് 45000 വോട്ടുകൾക്ക് ബിജെപി സ്ഥാനാർത്ഥി മുന്നിലാണ്. എസ്പി എംപി അവധേഷ് പ്രസാദിന്റെ മകനും മിൽക്കിപൂരിലെ എസ്പി സ്ഥാനാർത്ഥിയുമായ അജിത് പ്രസാദിന് സ്വന്തം ബൂത്തിൽ വോട്ടു കുറവാണ്.
മിൽക്കിപൂർ സംവരണ നിയമസഭാ സീറ്റ് സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപിക്കും പ്രധാന പ്രതിപക്ഷ പാർട്ടിയായ സമാജ്‌വാദി പാർട്ടിക്കും അഭിമാനകരമായ പോരാട്ടമായി മാറിയിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും എസ്പി നേതാവ് അഖിലേഷ് യാദവും ഈ സീറ്റിൽ ശക്തമായി പ്രചാരണം നടത്തി.
നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മിൽകിപൂരിൽ 65.35% പോളിംഗ് രേഖപ്പെടുത്തി, ഇത് 2022 ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനേക്കാൾ ഏകദേശം 5% കൂടുതലാണ്, 2022 ൽ ഇവിടുത്തെ വോട്ടിങ് ശതമാനം 60.44% ആയിരുന്നു. 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയോട് ബിജെപി പരാജയപ്പെട്ട ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് മിൽക്കിപൂർ. എന്നാൽ ഫൈസാബാദിൽ നിന്ന് സിറ്റിംഗ് എംഎൽഎ അവധേഷ് പ്രസാദ് എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർ ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
2022 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ട അയോദ്ധ്യ ജില്ലയിലെ ഏക നിയമസഭാ സീറ്റായിരുന്നു മിൽകിപൂർ.
“പാർട്ടിയെ പിന്തുണച്ചതിന് മിൽകിപൂരിലെ ജനങ്ങൾക്ക് ഞാൻ എന്റെ നന്ദി അറിയിക്കുന്നു…” അയോദ്ധ്യയിലെ ഒരു ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്നതിനിടെ മിൽകിപൂർ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ചന്ദ്രഭാനു പാസ്വാൻ പറഞ്ഞു. 2027 ലെ വരാനിരിക്കുന്ന ഉത്തർ പ്രദേശ് നിയമസഭാ നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണ് മിൽക്കിപൂർ ഉപതെരഞ്ഞെടുപ്പെന്ന് നിരീക്ഷകർ പറയുന്നു.















