ന്യൂഡൽഹി: ഇന്ദ്രപ്രസ്ഥത്തിൽ താമരവിരിഞ്ഞതിന്റെ സന്തോഷം പ്രവർത്തകരുമായി പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിക്ക് ശക്തമായ പിന്തുണ നൽകിയ ഡൽഹിയിലെ ജനങ്ങൾക്ക് നരേന്ദ്രമോദി നന്ദി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷവും കടന്ന് സീറ്റുകൾ തൂത്തുവാരിയ ബിജെപി 27 വർഷങ്ങൾക്ക് ശേഷം രാജ്യതലസ്ഥാനത്ത് അധികാരത്തിൽ വരുന്ന പശ്ചാത്തലത്തിലാണ് നരേന്ദ്രമോദിയുടെ പ്രതികരണം.
ജനങ്ങളുടെ ശക്തിയാണ് പരമോന്നതമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനവും നല്ലഭരണവുമാണ് വിജയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിക്കൊപ്പം നിലകൊണ്ട ഡൽഹിയിലെ സഹോദരീ -സഹോദരന്മാരെ നമിക്കുന്നു. അനുഗ്രഹാശിസ്സുകൾക്ക് നന്ദി. ഡൽഹിയെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരുമെന്നത് ബിജെപി നൽകുന്ന ഉറപ്പാണ്. ജീവിതനിലവാരം മെച്ചപ്പെടുത്തും, വികസിത ഭാരത്തിലേക്ക് ഡൽഹി നൽകുന്ന പങ്ക് ചെറുതായിരിക്കില്ലെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബിജെപിയുടെ ഓരോ കാര്യാകർത്താക്കളെക്കുറിച്ചും അഭിമാനം തോന്നുന്നുവെന്നും മോദി പറഞ്ഞു. ഓരോ പ്രവർത്തകന്റെയും അധ്വാനമാണ് ഡൽഹിയിൽ അതിഗംഭീരമായ വിജയം ബിജെപിക്ക് നേടിത്തന്നത്. ഇനിയും ഊർജസ്വലമായി നാം പ്രവർത്തിക്കും, ഡൽഹിയിലെ ജനങ്ങളെ സേവിക്കുമെന്നും കാര്യകർത്താക്കളോട് പ്രധാനമന്ത്രി പറഞ്ഞു.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 47 സീറ്റുകളാണ് ബിജെപി നേടിയത്. ആകെയുള്ള 70 സീറ്റിൽ 23 മണ്ഡലങ്ങളിൽ മാത്രമായി ആംആദ്മി ഒതുങ്ങി. കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല. തുടർച്ചയായി മൂന്നാമത്തെ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് സംപൂജ്യരാകുന്നത്.















