തൃശൂർ: ഡ്രൈവറായി അച്ഛനും കണ്ടക്ടറായി മകളും ജോലി ചെയ്യുന്ന ബസിലെ യാത്രക്കാരനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊടുങ്ങല്ലൂർ കോട്ടപ്പുറം റൂട്ടിൽ ഓടുന്ന രാമപ്രിയ എന്ന ബസിലാണ് അച്ഛനും മകളും ഡ്രൈവറും കണ്ടക്ടറുമായി ജോലി ചെയ്യുന്നത്. ഇവരെ കാണാൻ നേരിട്ടെത്തിയ കേന്ദ്രമന്ത്രി ബസിൽ യാത്ര ചെയ്തു.
കോട്ടപ്പുറം പള്ളിയിലേക്കാണ് കേന്ദ്രമന്ത്രി യാത്ര ചെയ്തത്. പഠനത്തോടൊപ്പം അച്ഛൻ ജോലി ചെയ്യുന്ന അതേ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുകയാണ് അനന്തലക്ഷ്മി. തൃശൂരിലെ ബസ് ജീവനക്കാർക്കിടയിലെ താരമാണ് ഈ കുട്ടി കണ്ടക്ടർ. അനന്തലക്ഷ്മിയുമായി സംസാരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
അനന്തലക്ഷ്മിക്ക് കുട്ടിക്കാലം മുതൽ ബസിനോട് പ്രണയമായിരുന്നു. കണ്ടക്ടറായി താൻ വരാമെന്ന് അച്ഛനോട് പറഞ്ഞപ്പോൾ ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. ഒരു വർഷം മുമ്പാണ് കാക്കി കുപ്പായമണിഞ്ഞ് കണ്ടക്ടർ ജോലിയിലേക്ക് പ്രവേശിപ്പിച്ചത്. അന്ന് മുതൽ പഠനും ജോലിയും ഒരുമിച്ചുകൊണ്ടുപോവുകയാണ് ഈ മിടുക്കി.















