കോഴിക്കോട്: മുക്കം സങ്കേതം ഹോട്ടലിൽ പീഡനശ്രമം തടയുന്നതിനിടെ വീണുപരിക്കേറ്റ യുവതി നേരിട്ടത് കടുത്ത മാനസികപീഡനം. ഒന്നാം പ്രതിയായ ദേവദാസ് പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും മെസേജ് അയച്ച് മാനസികമായി പീഡിപ്പിച്ചിരുന്നെന്നും പെൺകുട്ടി പറഞ്ഞു.
പൊലീസിനെതിരെയും യുവതിയുടെ കുടുംബം ഗുരുതര ആരോപണം ഉന്നയിക്കുന്നുണ്ട്. പീഡിപ്പിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് താഴേക്ക് വീണതെന്ന് യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ താഴേക്ക് വീണു എന്ന് മാത്രമേ എഫ്ഐആറിൽ എഴുതിയിട്ടുള്ളൂവെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം പരാതി നൽകിയിരുന്നു. ഇതിന് ശേഷമാണ് കേസന്വേഷണം ബലപ്പെട്ടത്.
മുമ്പും ഇയാൾ പെൺകുട്ടിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നു. ഇത് തുടർന്നതോടെ യുവതി ജോലി ഉപേക്ഷിച്ച് പോയിരുന്നു. പിന്നാലെ ഇനി ഇങ്ങനെ ഉണ്ടാവില്ലെന്ന് ദേവദാസ് ഉറപ്പുനൽകുകയും ക്ഷമ പറയുകയും ചെയ്തു. ഇതിന് ശേഷമാണ് യുവതി വീണ്ടും ജോലിക്ക് കയറിയത്. ഒരു ദിവസം തന്റെ കാല് പിടിച്ച് മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് യുവതി പറഞ്ഞു.
എന്തും ചെയ്യാൻ മടിയില്ലാത്ത ആളാണെന്നും തങ്ങളെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും യുവതിയുടെ കുടുംബം പറയുന്നു. അപകടത്തിന് ശേഷം പ്രതി വീണ്ടും യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. നിലവിൽ എഴുന്നേറ്റ് നടക്കാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് യുവതി. നാട്ടിലേക്ക് പോയതിന് ശേഷം തുടർചികിത്സ നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.















