മലപ്പുറം: എളങ്കൂരിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പ്രഭിന് സസ്പെൻഷൻ. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായ പ്രഭവിനെ അന്വേഷണ വിധേയമായാണ് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്. കോടതി റിമാൻഡ് ചെയ്ത പ്രഭിൻ ജയിലിലാണ്. കഴിഞ്ഞ മാസമാണ് പുക്കോട്ടുംപാടം സ്വദേശിനിയായ വിഷ്ണുജയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിഷ്ണുജയെ പ്രഭിനും വീട്ടുകാരും ഉപദ്രവിച്ചിരുന്നുവെന്നും ജോലിയില്ലെന്ന് ചൂണ്ടിക്കാട്ടി നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രഭിനെതിരെ പൊലീസ് കേസെടുത്തത്. സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെ പേരിൽ പ്രദിനും വീട്ടുകാരും വിഷ്ണുജയെ അധിക്ഷേപിച്ചിരുന്നതായും യുവതിയുടെ സഹോദരിമാർ പറഞ്ഞു.
വിഷ്ണുജയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രഭിനെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ നേരത്തെ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ കുടുംബം ഉന്നിയച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രഭിനെ പ്രതിചേർത്ത് അന്വേഷണം ആരംഭിച്ചത്.















