മഹാകുംഭമേളയിൽ പങ്കെടുത്ത് താരദമ്പതികളായ രാജ്കുമാർ റാവുവും പത്രലേഖയും. കുടുംബത്തോടൊപ്പം പ്രയാഗ് രാജിലെത്തിയ ഇരുവരും ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്തു. ത്രിവേണീ തീരത്ത് നടന്ന് പ്രത്യേക പൂജയിൽ താരങ്ങൾ പങ്കെടുത്തു.
സ്വാമി ചിദാനന്ദ സരസ്വതിയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങൾ രാജ്കുമാർ റാവു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. മഹാകുംഭമേളയിൽ സന്നിഹിതരായ മറ്റ് സന്ന്യാസിമാർക്കൊപ്പം താരങ്ങൾ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ചിദാനന്ദ സരസ്വതിയുടെ ക്യാമ്പിലാണ് രാജ്കുമാർ റാവുവും കുടുംബവും താമസിക്കുന്നത്. ദിവസങ്ങളോളം പ്രയാഗ് രാജിൽ തങ്ങി കുംഭമേളയുടെ ഭാഗമാകും.
ഈ അന്തരീക്ഷം വളരെയധികം മനോഹരമാണെന്ന് രാജ്കുമാർ റാവു പ്രതികരിച്ചു. ‘കഴിഞ്ഞ തവണ ഭാര്യയോടൊപ്പം കുംഭമേളയിൽ പങ്കെടുത്തിരുന്നു. അന്നെനിക്ക് ഉണ്ടായ അനുഭവങ്ങൾ ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചു. ഋഷികേശിൽ വച്ചാണ് സ്വാമി ചിദാനന്ദ് സരസ്വതിയെ കാണുന്നത്. അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മഹാകുംഭമേള ഇത്രയും സുരക്ഷാ ക്രമീകരണങ്ങളോടെ നടത്തുന്നതിന് ഉത്തർപ്രദേശ് സർക്കാരിന് നന്ദി അറിയിക്കുന്നുവെന്നും’ രാജ്കുമാർ റാവു പറഞ്ഞു.