‘കനലൊരു തരി’ ഹിറ്റാക്കിയത് ഇടതുപക്ഷമാണെങ്കിലും ഡൽഹി തെരഞ്ഞെടുപ്പിൽ ആ പ്രയോഗം അർത്ഥവത്താക്കിയത് അതിഷിയായിരുന്നു. വൻമരങ്ങളെല്ലാം കടപുഴകി വീണപ്പോൾ, വിജയിച്ച ഏക പ്രമുഖ ആംആദ്മി നേതാവായി അതിഷി മാറി. ആപ്പിന്റെ സ്ഥാപകനേതാക്കളും മുൻ മുഖ്യമന്ത്രിയും മുൻ ഉപമുഖ്യമന്ത്രിയുമെല്ലാം വെടിക്കെട്ടിന് തിരികൊളുത്തിയത് പോലെ പൊട്ടിവീണപ്പോൾ വിജയം കണ്ടത് അതിഷി മർലേന മാത്രം. ആപ്പിന്റെ കനലൊരു തരി!!
കൽക്കാജിയിൽ നിന്ന് മത്സരിച്ച അതിഷി ബിജെപിയുടെ രമേഷ് ബിധൂരിയോട് പൊരുതി നന്നേ വിയർത്തിരുന്നു. പലതവണ ലീഡുനിലയിൽ പിന്നോട്ട് പോയി. പരാജയം ഏതാണ്ട് ഉറപ്പിച്ചുനിൽക്കെ അവസാന റൗണ്ടുകളിൽ ലഭിച്ച വോട്ടുകളാണ് അതിഷിയെ കഷ്ടിച്ച് രക്ഷപ്പെടുത്തിയത്. ഒടുവിൽ 3,521 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അൽക്ക ലാംബ കാഴ്ചവച്ചതാകട്ടെ അതിദാരുണ പ്രകടനവും. വെറും 4,392 വോട്ടുകളായിരുന്നു അൽക്കയ്‌ക്ക് ആകെ ലഭിച്ചത്.
വിജയം പ്രഖ്യാപിക്കപ്പെട്ട ആദ്യ ഘട്ടത്തിൽ ആകെ ആശയക്കുഴപ്പത്തിലായിരുന്നു അതിഷിയും അണികളും. സർക്കാർ വീണിരിക്കുന്നു, പ്രമുഖരെല്ലാം തോറ്റിരിക്കുന്നു, മുൻപ് ലഭിച്ചതിന്റെ പകുതി സീറ്റുകൾ പോലും ഇത്തവണയില്ല, കേജരിവാളും തോറ്റമ്പി, നാണക്കേട് കാരണം പാർട്ടി കൺവീനർ വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടേയില്ല. ആകെ മൊത്തം ശ്മശാന മൂകത നിറഞ്ഞ അന്തരീക്ഷം. പക്ഷെ കൽക്കാജിയിലെ വിജയം അതിഷി ആഘോഷിക്കാതിരിക്കുന്നതെങ്ങിനെ???
പിന്നെയൊന്നും നോക്കിയില്ല. വിജയറാലി നടത്തിയ അതിഷി വോട്ടർമാരെ അഭിവാദ്യം ചെയ്ത് നന്ദി രേഖപ്പെടുത്തി, ആഹ്ലാദം പ്രകടിപ്പിച്ചു. വൈകിട്ടോടെ വിജയാഘോഷത്തിന്റെ കലാശക്കൊട്ടിൽ പാട്ടും ഡാൻസും. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അതിഷിയുടെ വിജയനൃത്തം വൈറലായി.
കേജരിവാൾ ജയിലിൽ പോയപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രമോഷൻ കിട്ടിയിരുന്ന അതിഷി മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാതെ, അപ്പുറത്ത് മറ്റൊരു കസേര ഇട്ട് ആസനസ്ഥയായവളാണ്. എല്ലാം കേജരിവാളിന് വേണ്ടി. അതേ അതിഷിയാണ് പാർട്ടി കൺവീനറായ കേജരിവാളിന്റെ തോൽവിക്കും വേദനയ്‌ക്കും പുല്ലുവില നൽകി സ്വന്തം വിജയം ആഘോഷിച്ചതെന്ന വിമർശനങ്ങൾ പതിയെ ഉയർന്നു. പാർട്ടി നാണംകെട്ട് നിൽക്കുന്ന സമയത്ത് അതിഷി കാണിച്ചത് നാണമില്ലാത്ത പ്രദർശനമാണെന്നായിരുന്നു AAP രാജ്യസഭാ എംപി സ്വാതി മാലിവാൾ വൈറൽ ഡാൻസിനോട് പ്രതികരിച്ചത്.















