തിരുവനന്തപുരം: പേരുർക്കടയിൽ മൂന്ന് ബംഗ്ലാദേശികൾ അറസ്റ്റിൽ. വട്ടിയൂർകാവ് മൂന്നാംമൂട് മേഖലയിൽ നിന്നാണ് ബംഗ്ലാദേശികളെ പിടികൂടിയത്. മുഹമ്മദ് അലാം ജീർ, ജോഹർദീൻ, മുഹമ്മദ് ഖഫീദുള്ള എന്നിവരാണ് അറസ്റ്റിലായത്. കെട്ടിട നിർമാണ ജോലിക്കായി തിരുവനന്തപുരത്ത് എത്തിയവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
2018-ലാണ് ബംഗ്ലാദേശികൾ തിരുവനന്തപുരത്തെത്തിയത്. ഇവരുടെ ആധാർ കാർഡ് പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവർക്കൊപ്പം മറ്റാരെങ്കിലും ഉണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ ഒരു ബംഗ്ലാദേശി കുടുംബം പിടിയിലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടക്കുകയാണ്. കൊച്ചിയിൽ നിന്ന് പിടികൂടിയവർ വർഷങ്ങളായി അനധികൃതമായി ഇവിടെ താമസിച്ചുവരികയാണെന്ന് പൊലീസ് കണ്ടെത്തി. വ്യാജ ആധാർ കാർഡും മറ്റ് തിരിച്ചറിയൽ രേഖകളും ഉപയോഗിച്ചാണ് ബംഗ്ലാദേശികൾ കേരളത്തിലെത്തിയത്.
കേരളത്തിലെ വിവിധയിടങ്ങളിൽ ബംഗ്ലാദേശികൾ താമസിക്കുണ്ടെന്ന കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.















