തൃശൂർ: നിർമിത ബുദ്ധിക്കെതിരെ ഭാവിയിൽ വലിയ സമരം ശക്തിപ്പെടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എഐ ഉപയോഗിക്കുമ്പോൾ കുത്തകമൂലധനം കൂടും, ഭാവിയിൽ ഒരുപാടുപേരുടെ തൊഴിൽ നഷ്ടപ്പെടുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് എംവി ഗോവിന്ദന്റെ പരാമർശം.
നിർമിത ബുദ്ധി ഉപയോഗിക്കുമ്പോൾ വലിയൊരു പ്രശ്നമുണ്ട്. കുത്തകമുതലാളികളുടെ ലാഭം, മിച്ചമൂല്യവിഹിതം എന്നിവ വലിയ രീതിയിൽ കുമിഞ്ഞുകൂടും. അറുപത് ശതമാനത്തോളം പേരുടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ഈ ശാസ്ത്രത്തിന്റെ ഭാഗമായ ഉത്പാദനോപാധികളുടെ ഉടമസ്ഥാവകാശം കോർപ്പറേറ്റുകളുടെ കൈവശം തന്നെയാണെങ്കിൽ പ്രതിസന്ധി വർദ്ധിക്കും. AIക്കെതിരെ വലിയ പോരാട്ടങ്ങളും സമരങ്ങളും ശക്തിപ്പെടുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കഴിഞ്ഞ ഏതാനും നാളുകളായി എംവി ഗോവിന്ദന്റെ പ്രസംഗങ്ങളിൽ എഐ കടന്നുവരാറുണ്ട്. നിർമിത ബുദ്ധി സോഷ്യലിസത്തിലേക്ക് നയിക്കുമെന്ന് അവകാശപ്പെട്ട ഗോവിന്ദൻ പിന്നീട് നടത്തിയ പ്രസംഗങ്ങളിൽ അതുതിരുത്തി. എഐയുടെ ദോഷവശങ്ങളെക്കുറിച്ചും തൊഴിൽലഭ്യതയിലും സമ്പദ് ഘടനയിലും AI വരുത്തുന്ന മാറ്റത്തെക്കുറിച്ചും സംസാരിക്കാനാണ് പിന്നീടുള്ള പ്രസംഗങ്ങളിൽ ഗോവിന്ദൻ ശ്രമിച്ചത്.















