ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ബിജെപി നേതാവ് പർവേഷ് വർമ. ഈ വിജയം തനിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും ജനങ്ങളുടെ വിജയമാണണെന്നും പർവേഷ് വർമ പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇനി ഞങ്ങളുടെ ഊഴമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലും അനുഗ്രഹത്തോടെയും ഡൽഹിയിൽ കൂടുതൽ വികസന പദ്ധതികൾ നടപ്പിലാക്കും. അതിനായി അക്ഷീണം പ്രയത്നിക്കും. എനിക്കൊപ്പം ബിജെപിയുടെ എല്ലാം എംഎൽഎമാരും നേതാക്കളും ഉണ്ടാകും.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രധാനമന്ത്രിയും ബിജെപി നേതൃത്വവും എനിക്ക് അവസരം നൽകി. വിജയിച്ച എല്ലാ എംഎൽഎമാർക്കും ഞാൻ അഭിനന്ദനം അറിയിക്കുന്നു. ഈ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 1993-ലെ തെരഞ്ഞെടുപ്പാണ് എനിക്ക് ഓർമവന്നത്. ഇത്രയധികം സീറ്റുകൾ ഞങ്ങൾക്ക് നൽകിയതിന് എല്ലാവരോടും നന്ദി അറിയിക്കുന്നു. ഡൽഹിയുടെ വികസനത്തിന് വേണ്ടി ബിജെപി എന്നും പ്രയത്നിക്കും”.
ഡൽഹിയിലെ ജനങ്ങളുടെ എല്ലാ സ്വപ്നങ്ങളും ഞങ്ങൾ സാക്ഷാത്കരിക്കും. പ്രധാനമന്ത്രിയുടെ എല്ലാ ലക്ഷ്യങ്ങളും നമ്മൾ നിറവേറ്റും. ഡൽഹിയെ വികസിതമാക്കുമെന്നും പർവേഷ് വർമ പറഞ്ഞു.