പുഷ്പ-2 ന്റെ വിജയത്തിൽ ആരോധകരോട് നന്ദി അറിയിച്ച് അല്ലു അർജുൻ. പുഷ്പ- 2 ന്റെ ആദ്യഷോയ്‌ക്കിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച കേസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾക്ക് ശേഷം ആദ്യമായാണ് അല്ലു അർജുൻ പൊതുവേദിയിൽ എത്തുന്നത്. പുഷ്പയെ സ്നേഹിച്ചതിനും പിന്തുണച്ചതിനും എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്ന് അല്ലു അർജുൻ പറഞ്ഞു. ഹൈദരബാദിൽ സംഘടിപ്പിച്ച പുഷ്പയുടെ വിജയാഘോഷത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘പുഷ്പ ഒരു സിനിമയല്ല. അതൊരു അഞ്ച് വർഷത്തെ യാത്രയാണ്. ഒരു വികാരമാണ്. സിനിമയുടെ എല്ലാ വിജയവും ആരാധകർക്കായി സമർപ്പിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും പിന്തുണക്കും നന്ദി. നിങ്ങളുടെ സ്നേഹവും പിന്തുണയും കൊണ്ടാണ് ഞാൻ ഇവിടെ വരെ എത്തിയത്.
പുഷ്പയുടെ വിജയത്തിന് പിന്നിൽ ഒരാളുണ്ട്. സംവിധായകൻ സുകുമാർ. ഈ വിജയം പൂർണമായും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. ഇത് സുകുമാരിന്റെ ഒരു ക്രാഫ്റ്റ് വർക്കാണ്. നമ്മളെല്ലാവരും അദ്ദേഹത്തിന്റെ സ്വപ്നത്തിലെ കഥാപാത്രങ്ങളാണ്. സിനിമയിലൂടെ പ്രേക്ഷകരുമായി അദ്ദേഹമാണ് നേരിട്ട് സംസാരിക്കുന്നത്. തങ്ങളെ പിന്തുണച്ചതിന് തെലുങ്ക് സിനിമാ മേഖലയിലെ എല്ലാവരോടും കടപ്പെട്ടിരിക്കുന്നുവെന്നും’ അല്ലു അർജുൻ പറഞ്ഞു.
പുഷ്പ- 2 റിലീസ് ചെയ്യുന്ന ദിവസം മറ്റൊരു ഹിന്ദി സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെന്നും അതിന്റെ നിർമാതാവിനോട് നേരിട്ട് വിളിച്ച് സംസാരിച്ചതിനെ കുറിച്ചും അല്ലു അർജുൻ പങ്കുവച്ചു. സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ പങ്കുവക്കാതെയായിരുന്നു പരാമർശം. റിലീസ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഞാൻ ഒരു ബോളിവുഡ് സിനിമാ നിർമാതാവിനെ വിളിച്ചിരുന്നു. അവരും ഡിസംബർ ആറിനാണ് റിലീസ് തീയതി നിശ്ചയിച്ചിരുന്നത്. ഞാൻ അഭ്യർത്ഥിച്ചതോടെ അവർ തീയതി മാറ്റിവച്ചു. ഞങ്ങൾ എല്ലാവരും പുഷ്പയുടെ ആരാധകരാണ്. പുഷ്പയ്‌ക്ക് വേണ്ടി ഞങ്ങൾ വഴിയൊരുക്കുമെന്നാണ് അവർ പറഞ്ഞതെന്നും അല്ലു അർജുൻ പറഞ്ഞു.