കൊച്ചി: ട്രാൻസ്ജെൻഡർ സമൂഹത്തെ അംഗീകരിക്കാൻ കഴിയില്ലെന്ന് മുസ്ലീം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. തങ്ങളുടെ മതവിശ്വാസപ്രകാരം സ്വവർഗരതി തെറ്റാണെന്നും പികെ ഫിറോസ് പറഞ്ഞു. ജെൻഡർ പൊളിറ്റിക്സിന്റെ മറവിൽ പ്രകൃതിവിരുദ്ധതയാണ് ഒളിച്ചുകടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാർട്ടി നിലപാട് പികെ ഫിറോസ് ഊന്നിപ്പറഞ്ഞത്.
തുല്യത എന്നത് ജെൻഡർ പൊളിറ്റിക്സുമായി ബന്ധപ്പെട്ടതാണ്. ലീഗ് തുല്യനീതിക്ക് വേണ്ടി വാദിക്കുന്നവരാണ്. ജെൻഡർ പൊളിറ്റിക്സ് എന്നത് വലിയൊരു പദമാണ്. കേവലം സ്ത്രീയിലും പുരുഷനിലും ഒതുങ്ങി നിൽക്കുന്ന കാര്യമല്ല അത്. LGBTQ++ എന്നിങ്ങനെ നീണ്ടുപോകുന്ന ഈ വിഷയം വിശദമായി ചർച്ച ചെയ്യേണ്ടതാണ്.
സദാചാര വിരുദ്ധവും പ്രകൃതിവിരുദ്ധവുമായ കാര്യങ്ങൾ ജെൻഡർ പൊളിറ്റിക്സിന്റെ മറവിൽ ഒളിച്ചുകടത്താനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്. ഈയൊരു അഭിപ്രായം എത്ര പുരോഗമനവിരുദ്ധമാണെന്ന് പറഞ്ഞാലും സ്വവർഗരതി അംഗീകരിക്കാൻ ലീഗിന് കഴിയില്ല. ഞങ്ങളുടെ വിശ്വാസപ്രകാരം അത് തെറ്റാണ്. രാഷ്‌ട്രീയപരമായ അഭിപ്രായമല്ല.
LGBTQവിനെ പൂർണമായും നിരാകരിക്കുന്നില്ല. അതിൽ ചില വസ്തുതകളുണ്ട്. ആ വസ്തുതകളെ മാത്രം അംഗീകരിക്കുന്നു. തോന്നലുകളുടെ അടിസ്ഥാനത്തിലുള്ളവയെ ആണ് എതിർക്കുന്നത്. ഇന്റർസെക്സ് ആണെങ്കിൽ മനസിലാക്കാം. അതവരുടെ തോന്നലല്ല, അവരുടെ ശരീരം തന്നെ അപ്രകാരമാണ്. പക്ഷെ തോന്നലുകളെ എങ്ങനെയാണ് അംഗീകരിക്കാൻ കഴിയുക. തോന്നലിന് അനുസരിച്ച് ശരീരം മാറ്റുന്നത് ഉചിതമാണോ? അതോ ശരീരത്തിന് അനുസരിച്ച് തോന്നലിനെ മാറ്റുകയാണോ വേണ്ടത്.?
മൃഗരതി, പീഡോഫീലിയ, മരങ്ങളുമായി രതിയിലേർപ്പെടുന്നവർ എല്ലാം LGBTQ+++ൽ ഉണ്ട്. ഇപ്പറഞ്ഞ ടെർമിനോളജിക്ക് പിന്തുണ നൽകിയാൽ എളുപ്പത്തിൽ പുരോഗമനവാദിയായി എന്ന് കരുതുന്നവരാണ് പലരും. – പികെ ഫിറോസ് പറഞ്ഞു.















