തിരുവനന്തപുരം : കേരള സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനത്തിന് സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച സിൻഡിക്കറ്റ് തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധി ‘ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നതെന്ന് സിൻഡിക്കേറ്റ് മെമ്പർ പി എസ് ഗോപകുമാർ.
കേരള സർവകലാശാല അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്കുള്ള കരാർ നിയമനത്തിനായി സിന്‍ഡിക്കറ്റ് അംഗം ഡോ. ജെഎസ് ഷിജുഖാന്‍ അധ്യക്ഷനായ സമിതിയുടെ രൂപീകരണമാണ് ഹൈക്കോടതി റദ്ദാക്കിയത്.സിൻഡിക്കേറ്റിലെ സർക്കാർ നോമിനിയായ ഡി വൈ എഫ് ഐ നേതാവാണ് ഡോ. ജെഎസ് ഷിജുഖാന്‍. 2018 ലെ യുജിസി ചട്ടങ്ങൾ പാലിക്കാതെയായിരുന്നു ഇയാളെ ചെയർമാനാക്കി സമിതി രൂപീകരിച്ചത്.
ചട്ടമനുസരിച്ച് പുതിയ സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താന്‍ ഹൈക്കോടതി നിർദേശം നൽകി.സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗം പി എസ് ഗോപകുമാർ നൽകിയ ഹരജിയിലാണ് ഹൈക്കോടതി നടപടി. സർവകലാശാല രൂപീകരിച്ച സമിതിക്ക് നിയമസാധുത ഇല്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
സിൻഡിക്കറ്റ് തീരുമാനമനുസരിച്ചുള്ള തുടർനടപടികളും ഹൈക്കോടതി അസാധുവാക്കി. അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്കുള്ള താൽക്കാലിക നിയമനങ്ങൾക്ക് യുജിസി മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് പുതിയ സെലക്ഷൻ കമ്മറ്റി രൂപീകരിക്കാനും കോടതി നിർദ്ദേശിച്ചു.സിന്‍ഡിക്കറ്റ് തീരുമാനപ്രകാരമുള്ള തുടര്‍ നടപടികള്‍ക്ക് നിയമസാധുതയില്ലെന്നും ഹൈക്കോടതി അറിയിച്ചു.
“പരീക്ഷ എഴുതാത്ത വിദ്യാർത്ഥികൾക്ക് മാർക്ക് നൽകിയും ഡിഗ്രി ജയിക്കാത്തവർക്ക് പോസ്റ്റ് ഗ്രാജ്വേഷന് പ്രവേശനം നൽകിയും ഭരണകക്ഷി നേതാക്കന്മാരുടെ ഭാര്യമാർക്ക് ചട്ടങ്ങൾ മറികടന്ന് നിയമനം നൽകിയും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത ഏറെക്കുറെ തകർത്ത അവസ്ഥയിലാണ്. അതിനിടെയാണ് ഡി വൈ എഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ സർവകലാശാലയിലേക്ക് കരാർ അധ്യാപകരെ നിയമിക്കാനുള്ള നീക്കം നടന്നത്. അധ്യാപക നിയമനത്തിന് കൃത്യമായ യു ജി സി മാർഗനിർദേശങ്ങൾ നിലവിരിക്കെയാണിത്. സർവകലാശാലാ സിൻഡിക്കേറ്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ചട്ടവിരുദ്ധമായി കരാർ അധ്യാപകരെ നിയമിക്കാനുള്ള സി പി എം ധാർഷ്ഠ്യത്തിനേറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതി വിധി. വിധിയെ സ്വാഗതം ചെയ്യുന്നു.”കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ പി എസ് ഗോപകുമാർ വ്യക്തമാക്കി.















